India
Rajasthan Deputy Chief Minister, Rajasthan DeputyCM,Diya Kumari, Jaipur royal, daughter of Jaipur ,princess who walks on the streets,latest national news
India

ദിയാകുമാരി: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയ്പൂർ രാജകുടുംബാംഗം

Web Desk
|
12 Dec 2023 1:56 PM GMT

'ജയ്പൂരിന്റെ മകൾ', 'തെരുവുകളിൽ നടക്കുന്ന രാജകുമാരി' തുടങ്ങിയ വിശേഷണങ്ങളോടെയാണ് ദിയാകുമാരി ജനങ്ങൾക്കിടയിൽ നിന്ന് വോട്ട് തേടിയിരുന്നത്

ജയ്പൂർ: ഏറെനാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഭജൻലാൽ ശർമ്മയെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കന്നി തെരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയാകുകയും തുടർന്ന് മുഖ്യമന്ത്രിയാകുകയും ചെയ്യുന്നെന്ന നേട്ടവും ഭജൻലാൽ ശർമ്മക്ക് ലഭിച്ചു. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള നേതാവായ ഭജൻലാൽ ശർമ സംഘടനാരംഗത്ത് പ്രമുഖനാണ്. ദിയാ കുമാരിയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാർ.

മുൻ ജയ്പൂർ രാജകുടുംബാംഗവും രാജ്‌സമന്ദിൽ നിന്നുള്ള എംപിയുമാണ് ഉപമുഖ്യമന്ത്രിയായ ദിയാ കുമാരി. വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നാണ് ദിയാകുമാരി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സീതാറാം അഗർവാളിനെ 71,000 വോട്ടുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി.

'ജയ്പൂരിന്റെ മകൾ', 'തെരുവുകളിൽ നടക്കുന്ന രാജകുമാരി' തുടങ്ങിയ വിശേഷണങ്ങളോടെയാണ് ദിയാകുമാരി ജനങ്ങൾക്കിടയിൽ നിന്ന് വോട്ട് നേടിയിരുന്നത്. 1971 ജനുവരി 30 നാണ് ദിയാ കുമാരി ജനിച്ചത്.മഹാറാണി ഗായത്രി ദേവി സ്‌കൂൾ,ജയ്പൂരിലെ മഹാറാണി കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നരേന്ദ്ര സിങ് എന്നയാളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. 2018ൽ ഈ വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു.

2013ലാണ് ദിയ ബി.ജെ.പിയിൽ ചേരുന്നത്. ശേഷം മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പിലും തോൽവിയറിഞ്ഞില്ല. 2013-ൽ സവായ് മധോപൂർ മണ്ഡലത്തിൽ നിന്നും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 5.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ രാജ്സമന്ദിൽ നിന്ന് എംപിയായും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിന് പുറമെ രണ്ട് സ്‌കൂളുകൾ, ട്രസ്റ്റുകൾ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ, സർക്കാരിതര സംഘടനകൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് സംരംഭങ്ങൾ ദിയാ കുമാരി കൈകാര്യം ചെയ്യുന്നുണ്ട്. മഹാരാജ സവായ് മാൻ സിംഗ് II മ്യൂസിയം ട്രസ്റ്റ്, ജയ്ഗഢ് ഫോർട്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നുണ്ട്.2019-ൽ സർക്കാറിന്റെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവ ഉയർത്തിപ്പിടിച്ചായിരുന്നു 52 കാരിയായ ദിയാകുമാരിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം.

ജയ്പൂരിനടുത്തുള്ള ഡുഡു നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് ഉപമുഖ്യമന്ത്രിമാരിലൊരാളായ പ്രേംചന്ദ് ബൈർവ. നവംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബാബുലാൽ നഗറിനെതിരെ 35,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. അതേസമയം, ഒരു ബ്രാഹ്മണ മുഖത്തെ മുഖ്യമന്ത്രിയായും രജപുത്ര, പട്ടികജാതി നേതാക്കളെ ഉപമുഖ്യമന്ത്രിമാരായും തെരഞ്ഞെടുത്തത് ജാതി സമവാക്യങ്ങൾ സന്തുലിതമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts