ബി.ജെ.പി മഹാറാണിമാർ തമ്മിൽ പോര്; വസുന്ദരാ രാജെ സിന്ധ്യക്ക് ബദലായി ദിയാ കുമാരി
|പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന നിലപാടിലാണ് ദിയാകുമാരി
ജയ്പൂര്‍: രാജസ്ഥാനിൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി വസുന്ദരാ രാജെ സിന്ധ്യക്ക് ബദലായി ദിയാ കുമാരി എം.പിയെ ഉയർത്തിക്കാട്ടാൻ നേതൃത്വം. ജയ്പൂരിന്റെ മകളെ വിജയിപ്പിക്കണമെന്നാണ് ജയ്പൂർ രാജകുടുംബാംഗമായ ദിയാകുമാരിയുടെ പ്രചാരണ വാചകം. പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന നിലപാടിലാണ് ദിയാകുമാരി.
രാജസ്ഥാനിൽ ബി.ജെ.പിയിൽ മഹാറാണിമാർ തമ്മിൽ പോര് മുറുകുമെന്നുറപ്പാണ്. ബി.ജെ.പി ഇക്കുറി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ഒക്കെ മത്സര രംഗത്തിറക്കിയപ്പോൾ രാജസ്ഥാനിൽ ശ്രദ്ധേയമായത് ദിയാകുമാരിയുടെ സ്ഥാനാർത്ഥിത്വമാണ് . ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ നേതൃത്വവുമായി കലഹിക്കുന്ന വസുന്ധരാ രാജെ സിന്ധ്യക്ക് ബി.ജെ.പി നേതൃത്വം വ്യക്തമായ സന്ദേശമാണ് നൽകിയത്. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് ദിയാകുമാരിയുടെ നിലപാട്.
ദിയാകുമാരി വിദ്യാദർ നഗർ മണ്ഢലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഗ്വാളിയോർ രാജകുടുംബത്തിൽ നിന്ന് രാജസ്ഥാൻ രാഷ്ട്രീയത്തിലെ മഹാറാണിയായ വസുന്ധരാ രാജെയ്ക്ക് ബദലായി ജയ്പൂർ മഹാറാണിയെ ഉയർത്തിക്കാട്ടുക എന്നതാണ് ബി.ജെ.പി തന്ത്രമെന്ന് വ്യക്തം. കേന്ദ്ര നേതൃത്വത്തെ ഒട്ടും വകവയ്ക്കാത്ത വസുന്ധരാ രാജെ തന്നെയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ പ്രതിസന്ധി.