കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നു; കർണാടക ഡി.ജി.പിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.കെ ശിവകുമാർ
|കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരെ നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി
ബംഗളൂരു: കർണാടക ഡി.ജി.പിക്കെതിരെ രൂക്ഷ വിമർശനവുമായി പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാരിനെ സംരക്ഷിക്കാൻ പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ മാത്രം കേസെടുക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
''ഈ ഡി.ജി.പിയെക്കൊണ്ട് ഒരു ഉപകാരവുമില്ല. അദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കണം. അദ്ദേഹം പദവിയിൽ മൂന്ന് വർഷം പിന്നിട്ടു. ഇനിയെത്ര ദിവസമാണ് പദവിയിലുണ്ടാവുക. കോൺഗ്രസിനെതിരെ മാത്രമാണ് അദ്ദേഹം കേസെടുക്കുന്നത്. 25ൽ കൂടുതൽ കേസുകളാണ് ഞങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തത്''-ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മേയിൽ നടക്കാനിരിക്കെയാണ് ശിവകുമാറിന്റെ പരാമർശങ്ങൾ.
224ൽ കുറഞ്ഞത് 150 സീറ്റുകൾ നേടുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതേസമയം, പ്രധാന കക്ഷിയായ ജെ.ഡി.എസ് 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.