'ഉചിതമായ സ്ഥാനം നല്‍കും': ഷെട്ടാറിനെ സന്ദര്‍ശിച്ച് ഡി.കെ
|രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്. കോൺഗ്രസ് എന്നും ഷെട്ടാറിനും സവാദിക്കുമൊപ്പമുണ്ടെന്ന് ശിവകുമാര്‍
ബെംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് ഉചിതമായ പദവി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഷെട്ടാറിനെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷെട്ടാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയെയും ഡി.കെ ശിവകുമാർ സന്ദര്‍ശിച്ചു. കര്‍ണാടകയില്‍ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ശിവകുമാർ ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവർക്കും സർക്കാരിൽ ഉചിതമായ സ്ഥാനങ്ങൾ നൽകുമെന്ന് ശിവകുമാര്‍ ഉറപ്പ് നൽകിയെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ബെലഗാവിയിലെത്തിയ ശിവകുമാർ സവാദിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എം.എല്‍.എയായി വിജയിച്ച സവാദിക്ക് എന്തുപദവിയാണ് വാഗ്ദാനം ചെയ്തതെന്ന് വ്യക്തമല്ല. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ സവാദിക്ക് വിഷമമുണ്ടോയെന്ന ചോദ്യത്തിന്, ഇല്ലെന്നും എല്ലാവർക്കും ഉചിതമായ പദവികൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുബ്ബള്ളിയിലെ ജഗദീഷ് ഷെട്ടാറിന്‍റെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് ഡി.കെ എത്തിയത്. മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കറിനും സതീഷ് ജാർക്കിഹോളിക്കുമൊപ്പമാണ് എത്തിയത്. ഷെട്ടാറിന് സംസ്ഥാന ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഡി.കെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഷെട്ടാറിന്‍റെ വരവോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായെന്ന് ശിവകുമാര്‍ പറഞ്ഞു.
"രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്. കോൺഗ്രസ് എന്നും ഷെട്ടാറിനും സവാദിക്കുമൊപ്പമുണ്ട്. പാർട്ടി അധ്യക്ഷൻ അയച്ച സന്ദേശം കൈമാറാനാണ് ഞാൻ ഷെട്ടാറിനെ കാണാൻ വന്നത്. ഞങ്ങൾ അത് ഉടൻ വെളിപ്പെടുത്തും"- ശിവകുമാർ പറഞ്ഞു.
ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്തതായി ഷെട്ടാർ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തു. പാർട്ടി തന്നെ പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഷെട്ടാർ പറഞ്ഞു.
Summary- Deputy chief minister DK Shivakumar met former chief minister Jagadish Shettar and former deputy CM Laxman Savadi, both of them left BJP and joined Congress ahead of the recent assembly polls.