India
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കും: ഡി കെ ശിവകുമാര്‍
India

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കും: ഡി കെ ശിവകുമാര്‍

Web Desk
|
24 Dec 2021 9:11 AM GMT

ഗോവധ നിരോധനം മുസ്‍ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്ന് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ നിയമമായി മാറിയാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റദ്ദാക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. 2023ലെ തെരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമവും റദ്ദാക്കുമെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.

തങ്ങൾ ഭൂരിപക്ഷമാണെന്ന മിഥ്യാധാരണയിലാണ് ബിജെപി. ഒരു സമുദായത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്തത് അവർ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ഹിന്ദു കർഷകർ ബുദ്ധിമുട്ടിലാണെന്നും ശിവകുമാര്‍ പറഞ്ഞു.

"ഗോവധ നിരോധനം മുസ്‍ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍ ഹിന്ദു കർഷകർ പ്രായമായതും ഉപയോഗമില്ലാത്തതുമായ പശുക്കളെ വിറ്റ് പണം സമ്പാദിച്ചിരുന്നു. അവർക്ക് ഒരു പശുവിന് 30,000 മുതൽ 40,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നു. ഇപ്പോൾ അവർ ബുദ്ധിമുട്ടുകയാണ്. അവർക്ക് നഷ്ടപരിഹാരം നൽകുന്നില്ല"- ശിവകുമാർ പറഞ്ഞു.

മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്തെ നിക്ഷേപങ്ങളെ ബാധിക്കും. ഇത്തരം നിയമങ്ങൾ പാസാക്കുകയും നടപ്പിലാക്കുകയും ചെയ്താല്‍ എങ്ങനെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനാകും എന്നാണ് ശിവകുമാറിന്‍റെ ചോദ്യം.

അതേസമയം മതപരിവർത്തന നിരോധന നിയമത്തെ കോൺഗ്രസ് എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ ചോദിച്ചു. "എന്താണ് നിങ്ങളുടെ മനസ്സില്‍? സമൂഹത്തിൽ മതപരിവർത്തനം പാടില്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‍ലിംകളും അവരുടെ വിശ്വാസങ്ങള്‍ ഒരു ഭയവുമില്ലാതെ സ്വതന്ത്രമായി ആചരിക്കട്ടെ. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മതപരിവർത്തനം 'ലവ് ജിഹാദ്' വഴിയാണ് നടക്കുന്നത്. ഇത് സംഭവിക്കാൻ പാടില്ല".

Similar Posts