സിനിമാതാരങ്ങള്‍ വരുന്നു പോകുന്നു; കിച്ച സുദീപിന്‍റെ ബി.ജെ.പി പിന്തുണയെക്കുറിച്ച് ഡി.കെ ശിവകുമാർ
|രാഷ്ട്രീയം സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്‍ കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സിനിമയും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും സിനിമാക്കാര്‍ വരികയും പോവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. നിരവധി സിനിമാ താരങ്ങൾ വരുന്നു, പോകുന്നു, രാഷ്ട്രീയം സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്". ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താൻ ബി.ജെ.പിയിൽ ചേരുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഇല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പിന്തുണക്കുമെന്നും കിച്ച സുദീപ് ബുധനാഴ്ച പറഞ്ഞിരുന്നു. ബൊമ്മൈയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നായിരുന്നു സുദീപിന്‍റെ വിശദീകരണം.
''എനിക്ക് ഇവിടെ വരേണ്ട ഒരാവശ്യവും ഇല്ല. പണത്തിനോ,പദവിക്കോ വേണ്ടിയല്ല ഇവിടെ എത്തിയിരിക്കുന്നത്. ഒരു വ്യക്തിക്കു മാത്രമായാണ് ഇവിടെയെത്തിയത്. മുഖ്യമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടാണ് ബൊമ്മൈ സാറിന് പൂർണ പിന്തുണ നൽകുന്നതായി പ്രഖ്യാപിക്കുന്നത്'' കിച്ച സുദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. "ഞാൻ ബൊമ്മൈ സാറിനെ പൂർണമായി പിന്തുണക്കുന്നു. പക്ഷേ, ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുമില്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയുമില്ല. എനിക്ക് പൂർത്തിയാക്കാൻ സിനിമകളുണ്ട്, എന്‍റെ ആരാധകർ സന്തോഷിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
കന്നഡ സൂപ്പർതാരത്തിന്‍റെ പ്രചാരണം പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ബസവരാജ് ബൊമ്മൈ ഇതിനോട് പ്രതികരിച്ചു."കിച്ച സുദീപ് പ്രശസ്തനായ സൂപ്പർസ്റ്റാറാണ്, ഞങ്ങൾക്കായി പ്രചാരണം നടത്തും. അദ്ദേഹത്തിന്‍റെ പ്രചാരണത്തിന്റെ ബ്ലൂപ്രിന്‍റ് ഞങ്ങൾ ഉടൻ തയ്യാറാക്കും.അദ്ദേഹം വളരെ വലിയ താരമാണ്, അദ്ദേഹത്തിന്‍റെ ജനപ്രീതി വളരെ ഉയർന്നതാണ്, അദ്ദേഹത്തിന്റെ പ്രചാരണം ബി.ജെ.പിക്ക് വളരെയധികം ശക്തി നൽകുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു'' ബസവരാജ് പറഞ്ഞു.
മേയ് 10നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണല്‍ നടക്കും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസും ജെഡിഎസും യഥാക്രമം 78, 37 സീറ്റുകൾ നേടി.