India
Shivakumar says he is Congress candidate for Channapatna Assembly bypoll
India

ചന്നപട്ടണ ഉപതെരഞ്ഞെടുപ്പ്: കോൺ​ഗ്രസ് സ്ഥാനാർഥി താനെന്ന് ഡി.കെ ശിവകുമാർ

Web Desk
|
15 Aug 2024 5:34 PM GMT

ചന്നപട്ടണ തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഈ സ്ഥലവും ഇവിടുത്തെ ആളുകളേയും തനിക്ക് ഇഷ്ടമാണെന്നും ശിവകുമാർ പറഞ്ഞു.

ബെം​ഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചന്നപട്ടണ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചന്നപട്ടണയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പ്രതികരണം.

നിലവിൽ കനകപുരയിൽ നിന്നുള്ള നിയമസഭാം​ഗമായ ഡി.കെ ശിവകുമാർ, ഉപതെരഞ്ഞെടുപ്പിൽ ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് 'ഞാനാണ്' എന്ന് മറുപടി നൽകുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതും ദേശീയ പതാക ഉയർത്തിയതും ശിവകുമാറായിരുന്നു.

ചന്നപട്ടണയിലെ പൗരന്മാരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് ഡി.കെ ശിവകുമാർ പറഞ്ഞു.'എനിക്ക് ഇവിടെ വന്ന് പതാക ഉയർത്താനുള്ള അവസരം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ 35 വർഷമായി ഞാൻ കനകപുരയിലും രാമനഗരയിലും ബെംഗളൂരുവിലും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു. ഇന്ന് ഞാൻ ഈ പുണ്യപ്രവൃത്തി ചന്നപട്ടണയിൽ നിങ്ങളുടെ മുന്നിൽ ചെയ്യുന്നു. പതാക ഉയർത്താൻ ചന്നപട്ടണയിൽനിന്ന് ഒരു എംഎൽഎ ഇല്ലാത്തതിനാൽ, നിങ്ങളുടെ വീട്ടിലെ മകനായാണ് ഞാൻ ഇവിടെ വന്നത്. ഞാൻ വന്നത് രാഷ്ട്രീയം പറയാനല്ല, മറിച്ച് എങ്ങനെ വികസനം നടത്താമെന്ന് കാണിക്കാനാണ്'- അദ്ദേഹം പറഞ്ഞു.

ചന്നപട്ടണ തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഈ സ്ഥലവും ഇവിടുത്തെ ആളുകളേയും തനിക്ക് ഇഷ്ടമാണെന്നും ശിവകുമാർ പറഞ്ഞു. 'മുൻ എംഎൽഎ കുമാരസ്വാമി ഇവിടെ സ്വാതന്ത്ര്യദിനം പരിപാടികളിൽ പങ്കെടുക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. ഒരുപക്ഷേ അദ്ദേഹം സ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യ സമരത്തേയും വിലമതിക്കുന്നുണ്ടാവില്ല'- ശിവകുമാർ കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചേക്കുമെന്ന സൂചനകൾ മുമ്പും അദ്ദേഹം നൽകിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് നേതാവും നിലവിൽ കേന്ദ്രമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചന്നപട്ടണയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, ചന്നപട്ടണ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട മുൻ എം.പിയും ശിവകുമാറിൻ്റെ സഹോദരനുമായ ഡി.കെ സുരേഷിനെ ചന്നപട്ടണയിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപമുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ആശയക്കുഴപ്പം മാറി. ശിവകുമാർ ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ സഹോദരനായ സുരേഷിന് വേണ്ടി അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന.

Similar Posts