ഭൂരിപക്ഷത്തിലും മുന്നിൽ കപ്പിത്താൻ ഡികെ തന്നെ; ജയം ഒന്നേകാൽ ലക്ഷം വോട്ടിന്
|ജെഡിഎസിന്റെ ബി നാഗരാജുവിനെയാണ് ഡികെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയത്.
ബെംഗളൂരു: കർണാടകയിൽ ഉജ്വല വിജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തിയ കോൺഗ്രസിന് ശക്തി പകർന്ന് മുൻനിര നേതാക്കളുടെ ജയം. കപ്പിത്താനായി കോൺഗ്രസിനെ ജയിച്ച ഡി.കെ ശിവകുമാർ തന്നെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നിൽ. ഒന്നേകാൽ ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കനക്പുരയിൽ ഡികെയുടെ മിന്നും വിജയം.
ജെഡിഎസിന്റെ ബി നാഗരാജുവിനെയാണ് ഡികെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയത്. കേവലം 20631 വോട്ട് മാത്രമാണ് നാഗരാജു നേടിയത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപി സ്ഥാനാർഥി ആർ അശോകയ്ക്ക് 19753 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 1,43,023 വോട്ടുകളാണ് പിസിസി അധ്യക്ഷൻ കൂടിയായ ഡികെ നേടിയത്. കൃത്യമായി പറഞ്ഞാൽ 1,22,392 വോട്ടുകളുടെ ഭൂരിപക്ഷം.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് വിധാൻസഭയിലേക്കെത്തുന്നതും മികച്ച ഭൂരിപക്ഷത്തിലാണ്. ബിജെപി മന്ത്രിയായിരുന്ന വി.സോമണ്ണയെ 46,163 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സിദ്ധരാമയ്യയുടെ വരവ്. സിദ്ധരാമയ്യ 1,19,816 വോട്ടുകൾ നേടിയപ്പോൾ 73,653 ആണ് എതിരാളിക്ക് നേടാനായത്.
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സവദി അത്താനിയിൽ നിന്ന് മുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപിയുടെ മഹേഷ് ഇറംഗൗഡയ്ക്കെതിരെ 76,122 വോട്ടുകൾക്കാണ് സവദിയുടെ ജയം. എന്നാൽ കോൺഗ്രസിലേക്കെത്തിയ മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് അടിതെറ്റി. ഹുബ്ബള്ളി ധർവാഡിൽ ബിജെപിയുടെ മഹേഷ് തെഗിംകയോടാണ് ഷെട്ടർ തോറ്റത്.
അതേസമയം, കെ.ജെ.ജോർജ്, എൻ.എ ഹാരിസ്, യു.ടി ഖാദർ എന്നിവരുടെ ജയം കർണാകയിലെ മലയാളിത്തിളക്കമായി. സർവാഗ്ന നഗറിൽ നിന്നാണ് കെ.ജെ.ജോർജിന്റെ വിജയം. ശാന്തി നഗറിൽ എൻ.എ.ഹാരിസ് വിധാൻ സഭയിലെത്തുമ്പോൾ മംഗലാപുരം റൂറലിൽ നിന്നാണ് യു.ടി.ഖാദർ ജയിച്ചുകയറിയത്.
മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിത്താപ്പുരിലും റിസ്വാൻ അർഷദ് ശിവാജി നഗറിലും ജയിച്ച് കോൺഗ്രസിന് കരുത്തായി. അതേസമയം, ബിജെപി ക്യാമ്പിലെ പ്രമുഖരായ ശ്രീരാമലുവും സി.ടി.രവിയും തോറ്റു. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചന്നപട്നയും ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണും നിലനിർത്തി.