India
ഹിമാചലിലെ ബി.ജെ.പിയുടെ കളി പൊളിച്ച് ഡി.കെയുടെ മാസ് എൻട്രി
India

ഹിമാചലിലെ ബി.ജെ.പിയുടെ കളി പൊളിച്ച് ഡി.കെയുടെ മാസ് എൻട്രി

Web Desk
|
29 Feb 2024 3:27 PM GMT

കോൺഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്ന റിസൾട്ടാണ് ഹിമാചൽ പ്രദേശിൽ നിന്ന് പുറത്തുവരുന്നത്

ന്യൂഡൽഹി: അഭ്യന്തരകലഹം രൂക്ഷമായ ഹിമാചൽ പ്രദേശിലെ കോൺഗ്രസിനുള്ളിലെ ഭിന്നത മുതലെടുത്ത് സർക്കാറിനെ വീഴ്ത്താനുള്ള ബി.ജെ.പി ശ്രമം പൊളിച്ചടുക്കിയത് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ടീമും. വിമതന്മാർ കാലുവാരിയതോടെ ഏക രാജ്യസഭ സീറ്റ് കൈവിട്ടതിന് പിന്നാലെ സംസ്ഥാന അധികാരവും കൈയിൽ നിന്ന് പോകുമോ എന്ന ആശങ്കക്കിടയിലാണ് ​ഡി.കെ ടീമിന്റെ എൻട്രി. എ.ഐ.സി.സി നേതൃത്വമാണ് ​ഡി.കെ ശിവകുമാർ, ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നിവ​രെ ഹിമാചലിലെ ക്രൈസിസ് മാനേജ്മെന്റിനിറക്കിയത്. അവരുടെ രാഷ്ട്രീയ ചാണക്യബുദ്ധിയിൽ ബി.ജെ.പിയുടെ കുതന്ത്രങ്ങളാണ് തകർന്നത്.

ആഭ്യന്തര ​ഭിന്നതയെ തുടർന്ന് കനത്ത പ്രതിസന്ധിയിൽ ചെന്നെത്തിയ ഹിമാചൽ കോൺഗ്രസിനെ അവിടെയുള്ള നേതാക്കളെ തന്നെ മുന്നിൽ നിർത്തി പ്രശ്നങ്ങൾ പരിഹരിച്ചു. മന്ത്രിമാരുടെ രാജിഭീഷണികളും, എം.എൽ.എമാരുടെ കൂറുമാറ്റവുമൊക്കെ ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങിയ കോൺഗ്രസിന് വലിയ തലവേദനയാണുണ്ടാക്കിയത്.

എന്നാൽ നിരീക്ഷകരായെത്തിയ മൂവരും കോൺഗ്രസ് നേതൃത്വത്തിനും ആത്മവിശ്വാസം നൽകുന്ന റിസൾട്ടാണ് ഹിമാചൽ പ്രദേശിൽ നിന്ന് നൽകുന്നത്. എം.എൽ.എ.മാരുമായി ചർച്ച നടത്തിയതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു. ഇതിനൊപ്പം കൂറുമാറി ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ആറ് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കി. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്.

ചണ്ഡിഗഡിലെ മേയർ​ തെര​ഞ്ഞെടുപ്പ് അട്ടിമറിച്ച ബി.ജെ.പിക്ക് സുപ്രിം കോടതിയിൽ നിന്ന് ലഭിച്ച പ്രഹരത്തിന്റെ പരിക്കുകൾ അവസാനിക്കും മുന്നേയാണ് ഹിമാചലിൽ നിന്നും തിരിച്ചടി ലഭിക്കുന്നത്. രാജ്യസഭ സീറ്റ് കിട്ടിയതിനപ്പുറം സംസ്ഥാന ഭരണവും കൈപ്പിടയിലൊതുങ്ങിയെന്ന് മനക്കോട്ട ​കെട്ടിയ ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ലഭിച്ചത്.

ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചെന്നാണ് ഡി.കെ.ശിവകുമാര്‍ പറഞ്ഞത്. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെന്നും സുഖ്‍വിന്ദര്‍ സിങ് സുഖുവിന്‍റെ സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഡി.കെ പറഞ്ഞത്.സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ശിവകുമാര്‍ ഇക്കാര്യം അറിയിച്ചത്.

Similar Posts