India
DMK MP claims he was stopped by CISF at Parliament
India

പാർലമെന്റിൽ ഡിഎംകെ എംപി അബ്ദുല്ലയെ തടഞ്ഞെന്ന് പരാതി; രാജ്യസഭാ ചെയർമാന് കത്ത്

Web Desk
|
19 Jun 2024 12:03 PM GMT

മേയിലാണ് പാർലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തത്

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി എംഎം അബ്ദുല്ലയെ പാർലമെന്റിൽ തടഞ്ഞെന്ന് പരാതി. സന്ദർശനത്തിന്റെ ഉദ്ദേശം വ്യക്തമാക്കാതെ ഉള്ളിലേക്ക് കടക്കാനാവില്ലെന്ന് പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെന്നാണ് എംപിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഇദ്ദേഹം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന് കത്തു നൽകി.

പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിക്കവേ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് അബ്ദുല്ല പറയുന്നത്. സുരക്ഷാ ഡ്യൂട്ടിയിൽ പാർലമെന്റ് സെക്യൂരിറ്റി സർവീസ് (പിഎസ്എസ്) ഉണ്ടായിരുന്നപ്പോൾ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്നും സിഐഎസ്എഫ് എത്തിയതിൽ പിന്നെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അബ്ദുല്ല കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂർണരൂപം:

പാർലമെന്റ് ഏർപ്പെടുത്തിയ വാഹനത്തിൽ ഹൗസ് എസ്റ്റേറ്റിലേക്ക് പ്രവേശിക്കും വഴി ബൂം ബാരിയറിന് സമീപം ടികെആർ-IIൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നെ തടഞ്ഞു നിർത്തുകയുണ്ടായി. സന്ദർശനത്തിന്റെ ഉദ്ദേശം വ്യക്തമാക്കണമെന്നായിരുന്നു നിർദേശം. തമിഴ്‌നാടിനെയും അതിന്റെ ജനങ്ങളെയും പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന എന്നെ തടഞ്ഞത് വലിയ ഞെട്ടലുണ്ടാക്കുന്നു. ഇത്തരത്തിലൊരു സമീപനം പിഎസ്എസ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സംഭവിച്ചിട്ടില്ല.

ഔദ്യോഗിക കൂടിക്കാഴ്ചകൾക്കല്ലാതെയും എംപിമാർക്ക് പാർലമെന്റിൽ സന്ദർശനം നടത്താം എന്ന് തന്നെയാണെന്റെ വിശ്വാസം. ഇനി അത്തരം കൂടിക്കാഴ്ചകളുണ്ടെങ്കിൽ തന്നെ അതെനിക്ക് രാജ്യസഭാ ചെയർമാനായ അങ്ങയോട് മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. സിഐഎസ്എഫിന്റ സമീപനം ഇതുവരെ ഉൾക്കൊള്ളാൻ പോലുമെനിക്കായിട്ടില്ല. വിഷയത്തിൽ വേണ്ട നടപടികൾ കൈക്കൊണ്ട് രാജ്യസഭയുടെയും അതിലെ അംഗങ്ങളുടെയും അന്തസ്സ് കാക്കണം എന്നഭ്യർഥിക്കുന്നു.

ഈ വർഷം മേയിലാണ് പിഎസ്എസിൽ നിന്നും ഡൽഹി പൊലീസിൽ നിന്നും പാർലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തത്. ഡിസംബറിൽ നടന്ന സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. മൈസുരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിൻഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തിയ രണ്ടു പേർ എംപിമാർക്കിടയിലേക്ക് ചാടി വീഴുകയായിരുന്നു. പാർ സാഗർ ശർമ, മനോരഞ്ജൻ ഗൗഡ എന്നീ യുവാക്കളായിരുന്നു ഇത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts