India
ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് ഡി.എം.കെ എം.പി കനിമൊഴിയും
India

ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് ഡി.എം.കെ എം.പി കനിമൊഴിയും

Web Desk
|
23 Dec 2022 8:59 AM GMT

യാത്ര ഹരിയാനയിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച കനിമൊഴി ഭാരത് ജോഡോയുടെ ഭാഗമായത്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തമിഴ്നാട് എം.പിയും ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ കനിമൊഴിയും. യാത്ര ഹരിയാനയിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച കനിമൊഴി ഭാരത് ജോഡോയുടെ ഭാഗമായത്.

സോഹ്നയിലെ ഖേർലി ലാലയിൽ നിന്നാണ് വെള്ളിയാഴ്ച യാത്ര പുനരാരംഭിച്ചത്. ബുധനാഴ്ച രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ നുഹിലേക്ക് പ്രവേശിച്ച കാൽനടയാത്രയിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും മുതിർന്ന നേതാക്കളായ രൺദീപ് സിംഗ് സുർജേവാലയും കുമാരി സെൽജയും യാത്രയില്‍ പങ്കെടുത്തിരുന്നു. കനിമൊഴിക്ക് പുറമെ നിരവധി നേതാക്കളും പ്രമുഖരും യാത്രയിൽ പങ്കെടുത്തു. നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനുമായ കമൽഹാസൻ ഡിസംബർ 24 ന് ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാജസ്ഥാനില്‍ വച്ച് ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നിരുന്നു. കോവിഡിനു മുന്‍പ് തന്നെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മന്ദഗതിയിലാണെന്നും മഹാമാരിയുടെ വരവോടെ അതു കൂടുതല്‍ മന്ദഗതിയിലായെന്നും രഘുറാം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, നടി സ്വര ഭാസ്‌കർ എന്നിവരും യാത്രയിൽ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്.

പഖല്‍ ഗ്രാമം, പാലി ചൗക്ക്, ഗോപാൽ ഗാർഡൻ എന്നിവയുൾപ്പെടെ ഫരീദാബാദ് ജില്ലയിലൂടെ യാത്ര പകൽ സമയത്ത് കടന്നുപോകും.സെപ്തംബര്‍ 7ന് ആരംഭിച്ച യാത്ര ഇതുവരെ കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

Similar Posts