പാർലമെന്റിലെത്താത്ത ഡി.എം.കെ എം.പിക്കും സസ്‌പെൻഷൻ
|സഭാനടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് നടപടി നേരിട്ട എസ്.ആർ പാർത്ഥിപന്‍ ഇന്ന് ചെന്നൈയിലാണുണ്ടായിരുന്നത്
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരിൽ സ്ഥലത്തില്ലാത്ത ഡി.എം.കെ നേതാവും. ഇന്ന് ലോക്‌സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി നടപടി നേരിട്ട 14 എം.പിമാരിൽ ഡി.എം.കെയുടെ എസ്.ആർ പാർത്ഥിപനും ഉണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹം ഇന്ന് പാർലമെന്റിലെത്തിയിട്ടില്ലെന്നു മാത്രമല്ല, ഡൽഹിയിലേ ഉണ്ടായിരുന്നില്ലെന്നതാണു വിചിത്രകരം.
സഭാനടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എം.പിമാർക്കെതിരെ സർക്കാർ സസ്‌പെൻഷൻ വാളെടുത്തത്. 13 ലോക്‌സഭാ എം.പിമാർക്കും ഒരു രാജ്യസഭ എം.പിക്കുമാണ് ശൈത്യകാല സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പുറത്തിറക്കിയ പട്ടികയിലാണ് ഇന്ന് ചെന്നൈയിലുണ്ടായിരുന്ന പാർത്ഥിപനും ഉൾപ്പെട്ടത്. അമൡപിണഞ്ഞതു വ്യക്തമായതോടെ ഇതു പിൻവലിച്ചു. അബദ്ധം സംഭവിച്ചതാണെന്നും ആളെ മാറിയാണ് പാർത്ഥിപനെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും പിന്നീട് മന്ത്രി വിശദീകരിച്ചു.
കേരളത്തിൽനിന്നുള്ള ആറ് എം.പിമാരും ഇന്ന് സസ്‌പെൻഷൻ നേരിട്ടവരുടെ കൂട്ടത്തിലുണ്ട്. രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ എന്നിവർക്കു പുറമെ കനിമൊഴി, മാണിക്കം ടാഗോർ, ജ്യോതിമണി, ഡെറിക് ഒബ്രിയാൻ, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കെ. സുബ്രഹ്മണ്യം, എസ് വെങ്കിടേശ്വരൻ എന്നിവരെയാണ് സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.
പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. എം.പിമാരുടെ പ്രതിഷേധം അതിരുവിടുന്നുവെന്നാരുന്നു സ്പീക്കറുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണം. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ അഞ്ച് എം.പിമാരെയും പിന്നാലെ ഒൻപതുപേരെയും സസ്പെൻഡ് ചെയ്തത്.
Summary: DMK Leader SR Parthiban, absent from Lok Sabha, wrongly suspended among other Opposition MPs