'തെറ്റിദ്ധാരണ സൃഷ്ടിക്കരുത്'; സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും കേന്ദ്രത്തിന്റെ മാർഗനിർദേശം
|ഉൽപന്നം സ്വയം ഉപയോഗിച്ച് നിലവാരം വിലയിരുത്തണമെന്നും മാർഗനിർദേശം
തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്‌സിനും സെലിബ്രിറ്റികൾക്കും കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം. 'എൻഡോഴ്സ്മെന്റ് നോ-ഹൗസ്!' എന്ന പേരിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുമ്പോൾ ഉപഭോക്താവ് തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പരസ്യങ്ങൾ, സ്‌പോൺസേർഡ് പരിപാടികൾ, പെയ്ഡ് പ്രമോഷൻസ് തുടങ്ങിയവയെല്ലാം ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണമെന്ന് മാർഗനിർദേശത്തിൽ പരാമർശമുണ്ട്. സോഷ്യൽമീഡിയ പരസ്യങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അനുബന്ധ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും തങ്ങളുടെ പരസ്യ ഉള്ളടക്കത്തിൽ പ്രേക്ഷകരുമായി സുതാര്യതയും ആധികാരികതയും നിലനിർത്തുന്നതിന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കുകയാണ്. പരസ്യദാതാവിന്റെ നിലവാരത്തെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും പരസ്യം അവതരിപ്പിക്കുന്നയാൾക്ക് അവബോധമുണ്ടായിരിക്കണം. ഉൽപന്നം സ്വയം ഉപയോഗിച്ചു നിലവാരം വിലയിരുത്താനും മാർഗനിർദേശമുണ്ട്.