'സഭയില്‍ സ്റ്റാലിന് വാഴ്ത്തുകള്‍ വേണ്ട'; എം.എല്‍.എമാര്‍ക്ക് തമിഴ്നാട് മുഖ്യന്റെ താക്കീത്
|അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.
നിയമസഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും കർശന നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഭയിൽ ചോദ്യമുയരുമ്പോഴും ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിൻ വാഴ്ത്തുകൾ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്റ്റാലിന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന് ഇടപെട്ടിരുന്നു. എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേന്ദ്രത്തിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച ആറാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.