ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി കൈമാറരുത്, പകരം 'മാസ്ക്ഡ് ആധാര്‍'; കേന്ദ്ര നിര്‍ദേശം
|ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിന്‍റെ പകർപ്പുകൾ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ല.
ആധാറിന്‍റെ ദുരുപയോഗം തടയാൻ പുതിയ നിര്‍ദേശവുമായി കേന്ദ്ര സർക്കാര്‍. ആധാർ വിവരങ്ങൾ പങ്കുവെക്കരുതെന്നും വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ മാസ്ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂയെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം സ്വകാര്യ സ്ഥാപനങ്ങൾ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കി.
യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡന്‍റിറ്റി പരിശോധിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ. വ്യക്തികള്‍ അവരുടെ ആധാർ കാർഡുകൾ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു.ഐ.ഡി.എ.ഐയിൽ നിന്നുള്ള ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിന്‍റെ പകർപ്പുകൾ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ല. ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി പങ്കുവെക്കേണ്ട സാഹചര്യം വരുമ്പോള്‍ മാസ്ക് ചെയ്ത കോപ്പി മാത്രമേ നല്‍കാനൂ എന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആധാറിന്‍റെ ഫോട്ടോ കോപ്പി നൽകുന്നതിന് പകരം ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്‌ക് ആധാർ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
എന്താണ് മാസ്ക്ഡ് ആധാര്‍ കാര്‍ഡ്?
സാധാരണയായി 12 അക്ക നമ്പർ ആയിരിക്കും ആധാര്‍ കാര്‍ഡില്‍ ഉണ്ടായിക്കുക. കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് ആയിരിക്കും സ്വകാര്യ വ്യക്തികള്‍ ആധാര്‍ വിവരം കൈമാറേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള മാസ്ക്ഡ് ആധാര്‍ കാര്‍ഡില്‍ ആദ്യത്തെ എട്ട് അക്കങ്ങള്‍ മാസ്ക് ചെയ്തിട്ടാകും ഉണ്ടാകുക. അവസാന 4 അക്കങ്ങൾ മാത്രമേ കാണാന്‍ സാധിക്കൂ. യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിൽ നിന്ന് ആധാറിന്റെ മാസ്ക് കോപ്പി ഡൗൺലോഡ് ചെയ്യാം.
ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകളെ ആശ്രയിക്കുമ്പോള്‍ പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുവായ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കിൽ, ആ കമ്പ്യൂട്ടറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ പകർപ്പുകളും പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഒരു സ്ഥാപനം നിങ്ങളുടെ ആധാർ കാർഡ് കാണാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡിന്‍റെ ഫോട്ടോകോപ്പി ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ, അവർക്ക് യു.ഐ.ഡി.എ.ഐയിൽ നിന്ന് വാലിഡ് ആയ ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. .