India
Doctors operate on boys private part instead of injured leg in Thanes govt. hospital in Maharashtra, Doctors circumcised 9-Yr-Old boy instead of leg surgery in Maharashtra government hospital, medical negligence,

പ്രതീകാത്മക ചിത്രം

India

കാലിലെ പരിക്കിന് ശസ്ത്രക്രിയ ജനനേന്ദ്രിയത്തില്‍! ഒന്‍പതു വയസുകാരനെ ചേലാകര്‍മം നടത്തിയെന്നു പരാതിയുമായി കുടുംബം

Web Desk
|
30 Jun 2024 10:41 AM GMT

ഫിമോസിസ് എന്നു പേരുള്ള അസുഖവും കുട്ടിക്കുണ്ടായിരുന്നുവെന്നും ഇതിനാല്‍ ജനനേന്ദ്രിയത്തിലും ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ വാദിച്ചത്

മുംബൈ: അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി മഹാരാഷ്ട്രയിലെ താനെയ്ക്കടുത്തുള്ള ഷഹാപൂര്‍ സ്വദേശികളായ കുടുംബം. ഇവരുടെ ഒന്‍പതു വയസുള്ള മകനെയാണ് താനെയിലെ ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കാലിനേറ്റ പരിക്കിനു ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തിലായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്!

ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ മാസം സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിനു സാരമായ പരിക്കേറ്റത്. തുടര്‍ന്ന് ഷഹാപൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ജൂണ്‍ 15ന് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയും നടന്നു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് അവയവം മാറിയ വിവരം തിരിച്ചറിയുന്നത്. കാലിലെ ശസ്ത്രക്രിയയ്ക്കു പകരം ചേലാകര്‍മം നടത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ പരാതി നല്‍കി. അബദ്ധം മനസിലാക്കിയ ഡോക്ടര്‍മാര്‍ കാലില്‍ ശസ്ത്രക്രിയ നടത്തി തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഷഹാപൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയില്‍ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്. ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. കൈലാസ് പവാറും പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കാലിനു പുറമെ കുട്ടിയുടെ അഗ്രചര്‍മത്തിലും ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഗജേന്ദ്ര പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അഗ്രചര്‍മം മുറുകിനില്‍ക്കുന്ന ഫിമോസിസ് എന്നു പേരുള്ള അസുഖം കുട്ടിക്കുണ്ടായിരുന്നുവെന്നാണ് ഓഫിസര്‍ വിശദീകരിച്ചത്. ഇതിനാല്‍ രണ്ടു ശസ്ത്രക്രിയയും നടത്തേണ്ടിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാന്‍ വിട്ടുപോയതാകാം. ഡോക്ടര്‍മാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും ഗജേന്ദ്ര പവാര്‍ വ്യക്തമാക്കി.

എന്നാല്‍, ഡോക്ടര്‍മാരുടെ വിശദീകരണം അംഗീകരിക്കാന്‍ കുടുംബം തയാറായിട്ടില്ല. ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

Summary: Doctors operate on boy's private part instead of injured leg in Thane's govt. hospital in Maharashtra

Similar Posts