ഒഡിഷയില്‍ പശുവിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 30 കി.ഗ്രാം പ്ലാസ്റ്റിക്
|ബെർഹാംപൂരിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടർമാരാണ് പശുവിന്‍റെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ നീക്കം ചെയ്തത്
ബെർഹാംപൂർ: ഒഡിഷയില്‍ പശുവിന്‍റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 30 കിലോഗ്രാം പ്ലാസ്റ്റിക്. ബെർഹാംപൂരിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടർമാരാണ് പശുവിന്‍റെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ നീക്കം ചെയ്തത്.
സത്യ നാരായൺ കാറിന്‍റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നാല് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്‌ക്കൊടുവിലാണ് 10 വയസുള്ള പശുവിന്‍റെ വയറ്റിൽ നിന്ന് ദഹിക്കാത്ത പോളിത്തീൻ ബാഗുകൾ ബുധനാഴ്ച പുറത്തെടുത്തതെന്ന് ഗഞ്ചം ചീഫ് ജില്ലാ വെറ്ററിനറി ഓഫീസർ മനോജ് കുമാർ സാഹു പറഞ്ഞു. ആളുകള്‍ വലിച്ചെറിയുന്ന പോളിത്തീന്‍ കവറുകള്‍ അലഞ്ഞു തിരിയുന്ന ഭക്ഷിച്ചതിനെ തുടര്‍ന്ന് പശുവിന്‍റെ കുടലിന് പ്രശ്നമുണ്ടായി. താമസിച്ചിരുന്നെങ്കില്‍ പശു ചത്തുപോകുമായിരുന്നെന്ന് സത്യനാരായണ്‍ കാര്‍ പറഞ്ഞു.പശുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയിടെ അലഞ്ഞുതിരിയുന്ന മറ്റൊരു പശുവിൽ നിന്ന് 15 കിലോയോളം ഡോക്ടർമാർ നീക്കം ചെയ്തിരുന്നു.പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടും പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ തീവ്രതയാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നതെന്ന് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആര്യഭട്ട് ഫൗണ്ടേഷൻ സ്ഥാപകൻ സുധീർ റൗട്ട് പറഞ്ഞു.നിരോധനം ശരിയായി നടപ്പാക്കാൻ ഞങ്ങൾ ബെർഹാംപൂർ മുനിസിപ്പൽ കോർപ്പറേഷനോട് അഭ്യർത്ഥിക്കുന്നുവെന്ന് റൗട്ട് കൂട്ടിച്ചേര്‍ത്തു.
@SatpathyLive 59kgs of polythene was removed from the belly of a cow in Brahmapur today.Polythene &single use plastic is banned in Odisha but the markets are flooded with polythene bags and all kinds of single use plastic items. pic.twitter.com/tKEfOSPkrv
— Sudhir Raut,teacher,undivided faith in Gandhism (@SudhiraRaut) August 2, 2023