രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിൻ വേണോ?, നിർണായക യോഗം ഇന്ന്
|ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം ബൂസ്റ്റർഡോസിന്റെ കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കും
ബൂസ്റ്റർ ഡോസിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. ബൂസ്റ്റർ ഡോസുകളുടെ പ്രതിരോധ ശേഷിയും സുരക്ഷയുമാണ് സമിതി വിലയിരുത്തുക. ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം ബൂസ്റ്റർഡോസിന്റെ കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കും.
രാജ്യത്ത് ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ സാംപിളുകളുടെ ജനിതക പരിശോധനാ ഫലം ഇന്ന് വരും. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഒമിക്രോൺ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് പരിഗണിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ ആവശ്യത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരുന്നത്.
ബൂസ്റ്റർ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ പ്രതിരോധ കുറവ് കാണുന്നില്ലെന്നും അർഹരായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകിയതിന് ശേഷം ബൂസ്റ്റർ ഡോസ് പരിഗണിക്കാമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. രാജ്യത്ത് ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നയച്ച സാംപിളുകളുടെ ജനിതക പരിശോധനാ ഫലം ഇന്ന് വരും. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധനയും ഊർജിതമാക്കി.