ലഖ്‌നൗ ആശുപത്രി വളപ്പിൽ കൈപത്തിയും കടിച്ചുപിടിച്ച് തെരുവുനായ; ഭയന്ന് ജനം
|മോർച്ചറിയിലെ അവയവങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമെന്ന് ആശുപത്രി
ലഖ്‌നൗ: ലഖ്‌നൗ കിങ്ങ് ജോർജ് ആശുപത്രി പരിസരത്താണ് മുറിഞ്ഞ കൈപ്പത്തിയും കടിച്ചുപിടിച്ചുകൊണ്ട് നടക്കുന്ന തെരുവുനായയെ കണ്ടത്. ആശുപത്രി വളപ്പിൽ നടന്ന നായുടെ വായിൽ കൈപ്പത്തി കണ്ടതോടെ ആളുകൾ ഭയപ്പെടുകയും, നായയെ ആട്ടിയോടിക്കുകയുമായിരുന്നു. തുടർന്ന് നായ കൈപ്പത്തി ആശുപത്രിയിലെ തോട്ടത്തിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാർ കൈപ്പത്തി തോട്ടത്തിൽ നിന്നും മാറ്റി. കൈപത്തി അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നിലവിൽ കൈപത്തിയുടെ ആരുടേതാണെന്നോ എവിടെ നിന്നാണ് നായക്ക് കൈപ്പത്തി ലഭിച്ചതെന്നോ കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
തങ്ങളുടെ മോർച്ചറിയുടെ രേഖകളിൽ നിന്നും ഏതെങ്കിലും കൈപത്തി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ നിന്നും അശാസ്ത്രീയമായി സംസ്‌കരിച്ച മാലിന്യങ്ങൾക്കിടയിൽ നിന്നോ, മോർച്ചറിയിൽ നിന്നോ, മറ്റേതെങ്കിലും അപകടസ്ഥലത്ത് നിന്നോ ആയിരിക്കാം നായക്ക് കൈപ്പത്തി ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ശരീരം മുഴുവൻ നശിക്കുന്ന അവസരത്തിൽ ശേഷിക്കുന്ന ശരീരഭാഗങ്ങൾ സംസ്‌കരിക്കുന്നതിനായി കുടുംബങ്ങൾക്ക് കൈമാറാറുണ്ട് .അത്തരത്തിൽ ഏതെങ്കിലും കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ട കൈപത്തിയായിരിക്കാം നായ കടിച്ചുനടന്നതെന്നും അഭ്യൂഹങ്ങളുണ്ട്.