'പത്ത് വർഷമായി ഹിന്ദു-മുസ്‌ലിം വേർതിരിവ് അല്ലേ കാണിക്കുന്നത്?'; മോദിയോട് പ്രിയങ്കാ ഗാന്ധി
|"ഹിന്ദു-മുസ്‌ലിം വേർതിരിവ് പറഞ്ഞ് മോദി എത്രയധികം പ്രസംഗങ്ങൾ നടത്തി, അതും ലോകവേദികളിൽ ഉൾപ്പടെ..."
ന്യൂഡൽഹി: താൻ ഹിന്ദു-മുസ്‌ലിം വേർതിരിവ് നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 10 വർഷമായി മോദി ചെയ്യുന്നത് ഹിന്ദു-മുസ്‌ലിം വേർതിരിവ് തന്നെയാണെന്നും പെട്ടന്നെങ്ങനെയാണ് അതൊക്കെ തള്ളിപ്പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
"താൻ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേർതിരിച്ച് കണ്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എങ്ങനെയാണ് അങ്ങനൊക്കെ പറയുക? കഴിഞ്ഞ പത്ത് വർഷമായി അത് തന്നെയല്ലേ മോദി ചെയ്യുന്നത്. ഹിന്ദു-മുസ്‌ലിം വേർതിരിവ് പറഞ്ഞ് എത്രയധികം പ്രസംഗങ്ങൾ അദ്ദേഹം നടത്തി. അതും ലോകവേദികളിൽ ഉൾപ്പടെ... എങ്ങനെയാണ് അതൊക്കെ ഇത്ര പെട്ടെന്ന് തള്ളിക്കളയാനാകുന്നത്?" പ്രിയങ്ക ചോദിച്ചു.
മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ വിവാദമാകുന്നതിനിടെ ഇന്നലെയാണ് തനിക്ക് മുസ്‌ലിംകൾ എന്നോ ഹിന്ദുക്കളെന്നോ വേർതിരിവില്ലെന്ന അവകാശവാദവുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നത്. ഹിന്ദു-മുസ്‌ലിം വേർതിരിവ് കാട്ടുന്ന ദിവസം തന്റെ പൊതുജീവിതം അവസാനിക്കുമെന്നായിരുന്നു ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ മോദിയുടെ വാദം. താൻ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുണ്ടാവുന്നവരെന്നും വിളിച്ചത് മുസ്‌ലിംകളെ അല്ലെന്നായിരുന്നു മറ്റൊരു പ്രസ്താവന.
തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകളൊക്കെയും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ച് നൽകുമെന്നുൾപ്പടെ മോദി റാലികളിൽ പരാമർശിച്ചിരുന്നു.