India
Dont Be Intimidated Say M Kharge To Bureaucrats Ahead Of Poll Result
India

'ഭയപ്പെടരുത്': വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ഖാർഗെ

Web Desk
|
4 Jun 2024 1:22 AM GMT

ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്- ഖാർ​ഗെ പറഞ്ഞു.

ന്യൂഡൽഹി: വോട്ടെണ്ണലിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യത്തെ ഉദ്യോഗസ്ഥരോട് ഭയമില്ലാതെ രാജ്യത്തെ സേവിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന മുതിർന്ന നേതാവ് ജയറാം രമേശിൻ്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഖാർ​ഗെയുടെ പ്രസ്താവന.

'ആരാലും ഭയപ്പെടരുത്. ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്. ഈ വോട്ടെണ്ണൽ ദിനത്തിൽ ആരെയും ഭയപ്പെടരുത്. പ്രാധാന്യം കണക്കിലെടുത്ത് നിങ്ങളുടെ ചുമതലകൾ നിറവേറ്റുക'- ഖാർഗെ എക്‌സിൽ കുറിച്ചു.

'സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം പരമപ്രധാനമാണ്. ഓരോ ബ്യൂറോക്രാറ്റും ഉദ്യോ​ഗസ്ഥരും ഭരണകക്ഷിയിൽ നിന്നോ അവരുടെ സഖ്യകക്ഷികളിൽ നിന്നോ അല്ലെങ്കിൽ പ്രതിപക്ഷത്തിൽ നിന്നോ യാതൊരു ഭീഷണിയോ സമ്മർദമോ കൂടാതെ തങ്ങളുടെ ചുമതലകൾ നിർവഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'- അദ്ദേഹം വിശദമാക്കി.

എട്ട് മണിയോടെയാണ് രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുക. ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ വലിയ മുന്നേറ്റം ബി.ജെ.പി ക്യാമ്പ് പ്രതീക്ഷിക്കുന്നു. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രതീക്ഷ.

ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. അട്ടിമറി നടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രത വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഒമ്പതു മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ മീഡിയവണിനോട് പറഞ്ഞു. പരമാവധി വേഗം വോട്ട് എണ്ണുന്ന രീതിയിലാണ് ക്രമീകരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മൂന്ന് റൗണ്ട് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts