India
Himanta Sarma
India

മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

Web Desk
|
5 Sep 2024 7:53 AM GMT

മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു

ദിസ്‍പൂര്‍: മിയ മുസ്‍ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്കരോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു.

"മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാർ അപ്പർ അസമിൽ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് ..." ശർമ പറഞ്ഞു. അസമുകാരുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. നാഗോൺ, മോറിഗാവ്, കച്ചാർ എന്നിവയാണ് പ്രധാന മത്സ്യ ഉൽപാദന കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തിൽ മുസ്‍ലിം വ്യവസായികള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.

യൂറിയ കലര്‍ന്ന മത്സ്യത്തിന്‍റെ ഉപഭോഗം അസമില്‍ വൃക്കരോഗങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനവിന് കാരണമായെന്ന് ശര്‍മ പറയുന്നു. നാഗോണിലും മോറിഗാവിലും വളർത്തുന്ന മത്സ്യത്തിൻ്റെ ഉപഭോഗമാണ് ഈ വർധനവിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ മത്സ്യ ഉത്പാദകര്‍ അവരുടെ കൃഷിരീതികളിൽ യൂറിയയും ഗുവാഹത്തിയിൽ നിന്ന് ശേഖരിക്കുന്ന ഒരു പ്രത്യേക തരം മാലിന്യവും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മത്സ്യകൃഷിയിൽ ജൈവ രീതികൾ ഉപയോഗിക്കണമെന്നും ഹിമന്ത നിര്‍ദേശിച്ചു.

നേരത്തെയും ഹിമന്ത മിയ മുസ്‍ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടുണ്ട്. നാഗോണില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന ക്രമസമാധാന നില ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.'മിയ മുസ്‌ലിംകളെ സംസ്ഥാനം പിടിച്ചടക്കാന്‍ അനുവദിക്കില്ല' എന്നതായിരുന്നു ഹിമന്തയുടെ പ്രസ്‌താവന. അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയാണ് മിയ മുസ്‌ലിംകള്‍ എന്ന് പറയുന്നത്. ബംഗാളി സംസാരിക്കാത്തവര്‍ ഇവരെ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരെന്ന് വിശേഷിപ്പിക്കുന്നു.

ഹിമന്തയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമായിട്ടല്ല. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി അസം നിയമസഭയിൽ അനുവദിച്ചിരുന്ന ഇടവേള ഈയിടെ മുഖ്യമന്ത്രി അവസാനിപ്പിച്ചിരുന്നു. ബ്രിട്ടീഷ്‍കാലം മുതൽ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്. ഇനി മുതൽ ജുമുഅ നമസ്കാരത്തിനായി മുസ്‍ലിം എം.എൽ.എമാർക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന് അസം സർക്കാർ അറിയിക്കുകയായിരുന്നു.

അസമിലെ മുസ്‍ലിം ജനസംഖ്യയുടെ വര്‍ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ പ്രശ്നമാണെന്ന ഹിമന്തയുടെ പരാമര്‍ശം വിവാദമായിരുന്നു. അസമിലെ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മറിച്ച് ജീവന്‍മരണ പ്രശ്നമാണെന്നുമാണ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പറഞ്ഞത്. “ ജനസംഖ്യാനുപാതം മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമാണ്. അസമിൽ ഇന്ന് മുസ്‍ലിം ജനസംഖ്യ 40 ശതമാനത്തിലെത്തി. 1951ല്‍ ഇത് 12 ശതമാനമായിരുന്നു. ഞങ്ങള്‍ക്ക് നിരവധി ജില്ലകള്‍ നഷ്ടപ്പെട്ടു. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് നിലനില്‍പ്പിന്‍റെ വിഷയമാണ്''എന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.

അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാർക്ക് മുന്നില്‍ ഹിമന്ത നിബന്ധനകള്‍ വച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു ഹിമന്തയുടെ പരാമര്‍ശം. 2011ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്‍ലിംകളാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ മുസ്‍ലിംകളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളുമാണ് ഇവരിൽ കൂടുതലും.

Related Tags :
Similar Posts