കട്ടൗട്ടുകളും ഫ്ലക്സുകളും വേണ്ട; ജന്‍മദിനം ആഘോഷമാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് സ്റ്റാലിന്‍
|പ്രതിപക്ഷ പാർട്ടികൾക്ക് ഡിഎംകെയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ചെന്നൈ: തന്‍റെ എഴുപതാം ജന്മദിനത്തിൽ ഫ്ലക്സ് ബാനറുകളും കട്ട് ഔട്ടുകളും സ്ഥാപിക്കുന്നത് പോലുള്ള വലിയ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രതിപക്ഷ പാർട്ടികൾക്ക് ഡിഎംകെയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്‍റെ എഴുപതാം പിറന്നാള്‍. ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണമെന്നും സാമ്പത്തിക സഹായം ആവശ്യമുള്ള മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെ സഹായിക്കണമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. തന്‍റെ ജന്മദിനം ഏകോപനം സൃഷ്ടിക്കാനുള്ള അവസരമായിരിക്കണമെന്നും ജന്മദിന പരിപാടികളുടെ പേരിൽ ഫ്ലെക്സ് ബാനറുകളും ആഡംബര ചടങ്ങുകളും ഉപയോഗിക്കുന്നത് താൻ എപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ടെന്നും സ്റ്റാലിൻ കത്തിൽ ഊന്നിപ്പറഞ്ഞു.ദക്ഷിണ ചെന്നൈ ജില്ലാ ഡിഎംകെ ഘടകം മാർച്ച് ഒന്നിന് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന്റെ പ്രാധാന്യം സ്റ്റാലിന്‍ എടുത്തുപറഞ്ഞു. യോഗത്തില്‍ ദേശീയ നേതാക്കൾ അദ്ദേഹവുമായി വേദി പങ്കിടും.
രാജ്യത്തിന്‍റെ ഏകത്വവും നാനാത്വവും സംരക്ഷിക്കുന്നതിനും ഭരണഘടനയിലെ ജനാധിപത്യ അവകാശങ്ങൾക്കുമായി സംഘടിപ്പിച്ച യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ സഖ്യ പങ്കാളികളുമായി പ്രവർത്തിക്കുന്നതിനെക്കുറിച്ചും സ്റ്റാലിന്‍ പറഞ്ഞു.