ബാല്‍ക്കണിയില്‍ നിന്നും പക്ഷികള്‍ക്ക് തീറ്റ കൊടുക്കരുത്; ഉത്തരവുമായി മുംബൈ സിവില്‍ കോടതി
|മുംബൈ നിവാസികളായ വൃദ്ധ ദമ്പതികള്‍ നല്കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്
അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതിനാല് ബാല്‍ക്കണിയില്‍ നിന്നും പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് വിലക്കി മുംബൈ സിവില്‍ കോടതി. മുംബൈ നിവാസികളായ വൃദ്ധ ദമ്പതികള്‍ നല്കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2009 മുതലാണ് പ്രശ്നം തുടങ്ങുന്നത്. പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകുന്നതിനായി ദമ്പതികളുടെ ഫ്ലാറ്റിന് മുകളില്‍ താമസിക്കുന്ന കുടുംബം അവരുടെ ബാൽക്കണിക്ക് പുറത്ത് ക്രമീകരണം ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്നമായത്. ഇവര്‍ പക്ഷികള്‍ക്ക് കൊടുക്കുന്ന ധാന്യം ദമ്പതികളുടെ സ്ലൈഡിംഗ് ജനാലയില്‍ വീഴുകയും ഇത് ജനാല അടക്കുന്നതിനും തുറക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. കൂടാതെ പ്രാവുകള്‍ ജനാലയില്‍ കാഷ്ഠിക്കുന്നത് മുറിയില്‍ ദുര്ഗന്ധമുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. പക്ഷികൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളിൽ ചെറിയ പ്രാണികളുണ്ടെന്നും അവ ജനാല വഴി ബെഡ് റൂമില്‍ പ്രവേശിക്കുന്നതായും ദമ്പതികള്‍ പരാതിപ്പെടുന്നു. ഇത് മൂലം രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും ചര്‍മ്മ രോഗങ്ങള്‍ ഉണ്ടായതായും ദമ്പതികള്‍ പറഞ്ഞു.
മുകളില്‍ താമസിക്കുന്ന കുടുംബത്തോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ദമ്പതികള്‍ പറയുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പക്ഷികളെ തീറ്റുന്നതിനായി കുടുംബം മറ്റ് സ്ഥലങ്ങള്‍ കണ്ടുപിടിക്കണമെന്ന് ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷം ജഡ്ജി എ എച്ച് ലദ്ദാദ് നിര്‍ദ്ദേശിച്ചു.