മുദ്ര വച്ച കവർ സുപ്രിംകോടതിയിൽ നൽകേണ്ട, അതു ഞങ്ങൾക്കു വേണ്ട: ചീഫ് ജസ്റ്റിസ് എൻവി രമണ
|മുൻ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തിൽ, പ്രത്യേകിച്ചും സർക്കാറിൽ നിന്ന് മുദ്രവച്ച കവറുകൾ വാങ്ങുന്ന രീതി വിമർശിക്കപ്പെട്ടിരുന്നു
ന്യൂഡൽഹി: വാദങ്ങൾ മുദ്രവച്ച കവറിൽ കൈമാറുന്ന പ്രവണതയ്ക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പട്ന ഹൈക്കോടതി വിധിക്കെതിരെ ദിനേഷ് കുമാർ എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം.
'ഈ കോടതിയിൽ മുദ്ര വച്ച കവറുകൾ ദയവായി നൽകരുത്. ഒരു തരത്തിലുള്ള സീൽഡ് കവറുകളും ഇവിടെ വേണ്ട' - എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. ജഡ്ജിമാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഹർജിക്കാരൻ പോസ്റ്റിട്ടിട്ടുണ്ട് എന്നും ഇവ മുദ്ര വച്ച കവറിൽ നൽകാമെന്നും മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞ വേളയിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
മുൻ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തിൽ, പ്രത്യേകിച്ചും സർക്കാറിൽ നിന്ന് മുദ്രവച്ച കവറുകൾ വാങ്ങുന്ന രീതി വിമർശിക്കപ്പെട്ടിരുന്നു. ഈയിടെ മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ മുദ്ര വച്ച കവർ ഹാജരാക്കിയിരുന്നു. കേരള ഹൈക്കോടതിയിലാണ് സർക്കാർ സീൽഡ് കവർ നൽകിയിരുന്നത്. എന്നാൽ കേസ് പരിഗണിച്ച സുപ്രിംകോടതി ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.