ഡീപ്ഫേക്ക് വീഡിയോകൾ പങ്കുവെക്കരുത്; രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശവുമായി തെര. കമ്മീഷൻ
|പങ്കുവെച്ചെന്ന് അറിവ് ലഭിച്ചാൽ പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിൽ ഡീപ്ഫേക്ക് വീഡിയോകൾ പങ്കുവെക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡീപ്ഫേക്കുകൾ ഉപയോഗിക്കതിനോടുള്ള കമ്മീഷന്റെ ആദ്യ ഔപചാരിക പ്രതികരണമാണിത്. രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കരുത്. പങ്കുവെച്ചെന്ന് അറിവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. വീഡിയോ പങ്കുവെച്ച പാർട്ടിയിലെ വ്യക്തിക്ക് മുന്നറിയിപ്പ് നൽകണമെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇ.സി.ഐ) നിർേദശിച്ചു.
പ്രചാരണ സാമഗ്രികൾ നിർമിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കുന്നതിൽ നിന്ന് കക്ഷികളെ ഇ.സി.ഐ നിരുത്സാഹപ്പെടുത്തിയിട്ടില്ല. തെറ്റായ വിവരങ്ങളോ മറ്റൊരാളായി ആൾമാറാട്ടം നടത്തുന്നതോ ആയ ഉള്ളടക്കം പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാത്രമാണ് പാർട്ടികളോട് ആവശ്യപ്പെട്ടത്. സ്ത്രീകളെ അവഹേളിക്കുന്നതോ സ്ത്രീകളുടെ അന്തസ്സിന് അനിഷ്ടകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, വക്താവ് അനിൽ ബലൂനി, മുതിർന്ന നേതാവ് ഓം പഥക് എന്നിവരടങ്ങുന്ന ബി.ജെ.പി പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നടന്മാരായ ആമിർ ഖാൻ, രൺവീർ സിങ് എന്നിവരുടെയും ഡീപ്ഫേക്ക് വീഡിയോകൾ വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്ന് ഇ.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ബി.ജെ.പി, കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, എന്നീ പാർട്ടികളുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകൾ, ഡീപ്ഫേക്കുകൾ എന്നിവ പങ്ക്വെച്ചിരുന്നു.