India
യുപി പൊലീസിനെ വിശ്വാസമില്ല; ഭീകരർ അറസ്റ്റിലായ വാർത്തയോട് പ്രതികരിച്ച് അഖിലേഷ് യാദവ്
India

'യുപി പൊലീസിനെ വിശ്വാസമില്ല'; ഭീകരർ അറസ്റ്റിലായ വാർത്തയോട് പ്രതികരിച്ച് അഖിലേഷ് യാദവ്

Web Desk
|
12 July 2021 4:15 PM GMT

ഉത്തർപ്രദേശിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിട്ട രണ്ടു ഭീകരർ എടിഎസിന്റെ പിടിയിലായതായുള്ള വാർത്തകളിൽ പല കോണുകളിൽനിന്നും സംശയം ഉയരുന്നതിനടെയാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം

ഉത്തർപ്രദേശിൽ ഭീകരർ അറസ്റ്റിലായതായുള്ള വാർത്തയിൽ ഉയരുന്ന സംശയത്തിൽ പങ്കുചേർന്ന് സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അഖിലേഷ് യാദവ്. യുപി പൊലീസിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് വ്യക്തമാക്കി. ബിജെപി സർക്കാരിനെ പ്രത്യേകിച്ച് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിനു പിറകെ പല കോണുകളിൽനിന്നും ഉയരുന്ന സംശയങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തു അദ്ദേഹം. യോഗിക്ക് വെടിവയ്ക്കാനേ അറിയൂവെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് പ്രമുഖ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. അറസ്റ്റിനെ സാധൂകരിക്കാനായി വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായി സമാജ്‌വാദി പാർട്ടി ആരോപിച്ചു.

ഉത്തർപ്രദേശിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിട്ട രണ്ടു ഭീകരർ പിടിയിലായതായുള്ള വാര കഴിഞ്ഞ ദിവസം യുപി ഭീകരവാദവിരുദ്ധ സംഘം(എ.ടി.എസ്) അറിയിച്ചിരുന്നു. ലഖ്നൗ സ്വദേശികളായ മിൻഹാജ് അഹമ്മദ്, നസീറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ലഖ്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് ലഖ്നൗ പൊലീസ് പറഞ്ഞത്. സംഘം ചാവേർ സ്ഫോടനവും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. പിടിയിലായവർ അൽ ഖാഇദയുമായി ബന്ധമുള്ള അൻസാറു ഗസ്‌വത്തിൽ ഹിന്ദ് പ്രവർത്തകരാണെന്ന് ഉത്തർപ്രദേശ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.

വരുന്ന സ്വാതന്ത്ര്യദിനത്തിൽ ലഖ്‌നൗ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ മിന്‍ഹാജും നസീറുദ്ദീനും സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് ആരോപിച്ചിട്ടുണ്ട്. അൽഖാഇദ ഉത്തർപ്രദേശ് ഘടകം തലവൻ ഉമർ ഹൽമന്ദിയുടെ നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നും പറയുന്നു.

Similar Posts