രാമക്ഷേത്രത്തിലെ ആരതി ദിവസവും സംപ്രേഷണം ചെയ്യാൻ ദൂരദർശൻ
|പ്രാണപ്രതിഷ്ഠാ ചടങ്ങും വിവിധ ദൂരദർശൻ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ രാവിലെ നടക്കുന്ന ആരതി ചടങ്ങുകളുടെ തത്സമയ സംപ്രേഷണവുമായി ദൂരദർശൻ. ദിവസവും രാവിലെ 6.30നാണ് പൂജാ ചടങ്ങുകൾ സംപ്രേഷണം ചെയ്യുകയെന്ന് ദൂരദർശൻ അധികൃതർ അറിയിച്ചു.
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ 23നാണ് അയോധ്യ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പ്രാണപ്രതിഷ്ഠാ ചടങ്ങും വിവിധ ദൂരദർശൻ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
അതേസമയം, ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പേ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ ശങ്കരാചാര്യൻമാരിൽനിന്നടക്കം വലിയ വിമർശനമാണ് നേരിട്ടത്.
ഈ വർഷം ഡിസംബറോടെ രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മൂന്ന് നിലകളുള്ള ക്ഷേത്ര കെട്ടിടത്തിന്റെ ശേഷിക്കുന്ന രണ്ട് നിലകളുടെ നിർമാണം വേഗത്തിലാക്കാൻ 3500ലധികം തൊഴിലാളികളെ ഉടൻ വിന്യസിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര അറിയിച്ചു.
അടുത്തിടെ ക്ഷേത്ര ട്രസ്റ്റ് രാവിലെ 6 മുതൽ രാത്രി 10 വരെ ദർശന സമയം ദീർഘിപ്പിച്ചിരുന്നു. ജനുവരി 22ന് രാംലല്ല പ്രതിഷ്ഠ നടത്തിയതിന് ശേഷം ഇതുവരെ 75 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചതെന്ന് ഭാരവാഹികൾ പറയുന്നു.