India
questions, Dramatic scenes,  ethics committee meeting, mahuva moithra, latest malayalam news, ചോദ്യങ്ങൾ, നാടകീയ രംഗങ്ങൾ, എത്തിക്‌സ് കമ്മിറ്റി യോഗം, മഹുവ മൊയ്‌ത്ര, ഏറ്റവും പുതിയ മലയാളം വാർത്തകൾ
India

'ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് ചോദിച്ചത്'; എത്തിക്സ് കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ

Web Desk
|
2 Nov 2023 11:08 AM GMT

തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

ഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.


ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റി ചോദിച്ചതെന്നും ധാർമികതയ്ക്ക് നിരക്കാത്ത ചോദ്യങ്ങളായിരുന്നെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ആരുടെയോ നിർദേശപ്രകാരമാണ് കമ്മിറ്റി ചോദ്യങ്ങള്‍ ചോദിക്കുന്നത്. മഹുവമൊയ്ത്രയുമായി ബന്ധപ്പെട്ട് പണമിടപാട് നടന്നതിൽ യാതൊരു തെളിവുമില്ല. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതെന്നുമാണ് എത്തിക്സ് കമ്മിറ്റിയിലെ അംഗങ്ങളായ പ്രതിപക്ഷ എം.പിമാർ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവർക്കെതിരെയുള്ള പ്രതികാര നടപടിയാണ് എത്തിക്സ് കമ്മിറ്റിവരെ എത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.


അതിനിടെ മഹുവ മൊയ്‌ത്ര ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പട്ടികജാതിക്കാരനായ വിനോദ് സോങ്കർ എത്തിക്‌സ് കമ്മിറ്റിയുടെ ചെയർമാനായത് അവർക്ക് ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടാണ് വിനോദ് സോങ്കറിനെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തുന്നതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു.

ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്ര എന്നിവർ നൽകിയ പരാതിയിലാണ് എത്തിക്‌സ് കമ്മിറ്റി മഹുവയോട് ഹാജരാകാൻ നിർദേശിച്ചത്. കേന്ദ്ര സർക്കാരിനും അദാനിക്കും എതിരെ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. മഹുവ ലോക്‌സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് പരാതി.


അതേസമയം വ്യവസായി ദർശൻ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും മഹുവ മോയിത്ര ആവശ്യപ്പെട്ടിട്ടുണ്ട്. മഹുവയ്ക്ക് എതിരെ കേന്ദ്ര ഐടി മന്ത്രാലയം നൽകിയ റിപ്പോർട്ട് എത്തിക്‌സ് കമ്മറ്റിക്ക് മുമ്പിലുണ്ട്. മഹുവയുടെ പാർലമെന്റ് ഐ.ഡി ദുബൈയിൽ നിന്ന് 49 തവണ ഉപയോഗിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് ഐ.ഡി കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. നിഷികാന്ത് ദുബെ, ജയ് അനന്ത് ദേഹാദ്രായി എന്നിവർ നേരത്തെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.

Similar Posts