ഗോത്ര വോട്ടുകൾ ലക്ഷ്യം: ദ്രൗപതി മുർമു 25ന് നാമനിർദേശ പത്രിക സമർപ്പിക്കും
|എട്ട് സംസ്ഥാനങ്ങളിലെ നിർണായകമായ ഗോത്ര വോട്ടുകൾ ആണ് ബിജെപി ലക്ഷ്യമിടുന്നത്
ഡൽഹി: ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവും മുൻ ജാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കിയതിലൂടെ എട്ട് സംസ്ഥാനങ്ങളിലെ നിർണായകമായ ഗോത്ര വോട്ടുകൾ ആണ് ബിജെപി ലക്ഷ്യമിടുന്നത്. മുർമുവിനെ ബിജെഡി പിന്തുണക്കുന്നതോടെ രാഷ്ട്രപതി സീറ്റിൽ അനായാസം വിജയിക്കാൻ ബിജെപിക്ക് കഴിയും. ഈ മാസം 25നാണ് ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ഗോത്ര വനിത ഗവർണർ നേട്ടത്തിന് ശേഷം രാജ്യത്തെ പ്രഥമപൗര ആകുന്ന ആദ്യ ഗോത്ര വിഭാഗക്കാരി എന്ന ചരിത്ര നിയോഗത്തിനായി കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ദ്രൗപതി മുർമു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിനു ശേഷം ദേശീയ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ദരിദ്ര പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ദ്രൗപതി മുർമു എന്നും ഭരണകാര്യങ്ങളിലെ അവരുടെ പരിചയസമ്പത്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
എന്നാൽ മുർമുവിനെ സ്ഥാനാർഥിയാക്കുന്നത് വഴി എട്ട് സംസ്ഥാനങ്ങളിലെ ഗോത്ര വോട്ടുകളും ബിജെപി ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല സ്ഥാനാർഥിത്വത്തിലൂടെ പ്രതിപക്ഷത്തെ രാഷ്ട്രീയമായി പ്രതിരോധത്തിൽ ആക്കാനും ബിജെപി ലക്ഷ്യമിടുന്നു. നിലവിൽ പ്രതിപക്ഷ ഐക്യത്തോടൊപ്പം ഇല്ലാത്ത ബിജെഡി വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ വോട്ടുകൾ ഉറപ്പിക്കാനും പ്രതിപക്ഷ ഐക്യത്തോടൊപ്പം ഉള്ള ജെഎംഎം പോലുള്ള ഗോത്രവർഗ്ഗ പാർട്ടിയുടെ പിന്തുണ പിടിച്ചെടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. എന്നാൽ യശ്വന്ത് സിൻഹയെ മുൻനിർത്തിയുള്ള പോരാട്ടം വിജയം കാണുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.