അലഞ്ഞുനടന്ന പശുക്കുട്ടി വാഹനമിടിച്ച് ചത്തു; ഡ്രൈവറെ ക്രൂരമായി മർദിച്ച് ഗോ സംരക്ഷകർ
|ഗുരുതര പരിക്കേറ്റ ഡ്രൈവർ രമേശ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജമ്മു: റോഡിൽ അലഞ്ഞുനടന്ന പശുക്കുട്ടി വാഹനമിടിച്ച് ചത്ത സംഭവത്തിൽ ഡ്രൈവറെ ക്രൂരമായി മർദിച്ച് ഗോ സംരക്ഷകർ. ജമ്മു കശ്മീരിലെ കത്‍വയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഡ്രൈവർ രമേശ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം ഓടിച്ച വാഹനം അബദ്ധത്തിൽ പശുക്കുട്ടിയെ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഗോ സംരക്ഷകർ ഇയാളെ വാഹനത്തിൽനിന്ന് വലിച്ചിറക്കി മർദിച്ചു. രവീന്ദർ സിങ് എന്നയാളാണ് മർദനത്തിന് നേതൃത്വം നൽകിയത്.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറിയാതെ സംഭവിച്ചതാണെന്നും തന്നെ മർദിക്കരുതെന്നും രമേശ് പറയുന്നത് വിഡിയോയിൽ കാണാം. എന്നാൽ, ഇത് ചെവികൊള്ളാതെ അക്രമിസംഘം മർദനം തുടർന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രമേശ് കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. രവീന്ദർ സിങ്ങിനെയും മറ്റു അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ലോറിയിൽ നാരങ്ങ കൊണ്ടുപോകുകയായിരുന്ന ഡ്രൈവറെയും ജീവനക്കാരനെയും പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ മർദിച്ചിരുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.