India
ആഘോഷം തുടങ്ങി; ദ്രൗപതി മുര്‍മുവിന്‍റെ വിജയമാഘോഷിക്കാന്‍ ലഡു ഉണ്ടാക്കുന്നതിന്‍റെ തിരക്കില്‍ നാട്ടുകാര്‍
India

ആഘോഷം തുടങ്ങി; ദ്രൗപതി മുര്‍മുവിന്‍റെ വിജയമാഘോഷിക്കാന്‍ ലഡു ഉണ്ടാക്കുന്നതിന്‍റെ തിരക്കില്‍ നാട്ടുകാര്‍

Web Desk
|
21 July 2022 7:04 AM GMT

തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ഒഡിഷയിലെ ഉപർബെഡയിൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ആഘോഷത്തിലായിരുന്നു

ഭുവേനശ്വര്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷത്തിന്‍റെ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരമെങ്കിലും മുര്‍മുവിനാണ് മുന്‍തൂക്കം. വിജയം ഉറപ്പിച്ച മട്ടില്‍ തന്നെയാണ് ബി.ജെ.പി. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ദ്രൗപതി മുര്‍മുവിന്‍റെ വിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ഒഡിഷയിലെ ഉപർബെഡയിൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ആഘോഷത്തിലായിരുന്നു. മുർമു ജനിച്ചതും വളർന്നതും ഈ ആദിവാസി ഗ്രാമത്തിലാണ്, ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ 'ഒഡിഷയുടെ മകളെ' ഓർത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ദ്രൗപതി മുർമുവിന്‍റെ വിജയത്തിന് ശേഷം ഗ്രാമം മുഴുവൻ ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കുവയ്ക്കാനൊരുങ്ങുകയാണ് ഗ്രാമവാസികൾ. 20,000 ലഡുക്കളാണ് തയ്യാറാക്കുന്നത്.

''ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. അതുകൊണ്ടാണ് രാഷ്ട്രപതിയാകാൻ പോകുന്ന ദ്രൗപതി മുർമു എന്ന വനിതയുടെ വിജയത്തിൽ ലഡുകൾ തയ്യാറാക്കുന്നത്. ഇരുപതിനായിരും ലഡുക്കളാണ് ഉണ്ടാക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഇതു ഗ്രാമം മുഴുവന്‍ വിതരണം ചെയ്യും'' ഒരു നാട്ടുകാരന്‍ പറഞ്ഞു. മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉപർബെഡയാണ് മുർമുവിന്‍റെ ജന്മഗ്രാമം. അവരുടെ തറവാട് വീട് ഇപ്പോഴും അവിടെയുണ്ട്. അനന്തരവൻ ദുലാറാം ടുഡുവാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്.

റായ്‌രംഗ്‌പൂർ പട്ടണത്തിൽ, വ്യാപാരി സംഘടനകൾ, ബാർ അസോസിയേഷനുകൾ, മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ പ്രാദേശിക സംഘടനകളും സർക്കാർ ഉദ്യോഗസ്ഥരും പോലും "മണ്ണിന്‍റെ മകളെ" അഭിനന്ദിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനോടകം തന്നെ മുര്‍മുവിന്‍റെ ചിത്രമുള്ള ഫ്ലക്സുകളും ഉയര്‍ന്നിട്ടുണ്ട്. നാടോടി കലാകാരന്‍മാരും ആദിവാസി നര്‍ത്തകരും തങ്ങളുടെ പ്രകടനങ്ങളുമായി തെരുവിലിറങ്ങാനുള്ള ഒരുക്കത്തിലാണ്.

Similar Posts