16കാരിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി 80,000 രൂപയ്ക്ക് വിറ്റു; ഒരു വർഷത്തോളം കൂട്ടബലാത്സംഗം; സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
|പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയ പ്രതികൾ തുടർന്ന് യുപിയിലെ 30കാരനായ യുവാവുമായി വിവാഹത്തിന് നിർബന്ധിച്ചതായും ശേഷം ഇവർ കൂട്ടബലാത്സംഗം ആരംഭിച്ചതായും പൊലീസ് പറയുന്നു.
റായ്പൂർ: 16കാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം യുവാക്കൾക്ക് വിറ്റു. അവർ ഒരു വർഷത്തോളം കൂട്ടബലാത്സംഗം ചെയ്ത പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ സ്ത്രീയടക്കം നാല് പേർ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ ചംബ ജില്ലയിലെ ജഞ്ജ്ഗിർ ഗ്രാമവാസിയായ പെൺകുട്ടിയാണ് ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗം അടക്കമുള്ള ക്രൂരതകൾക്ക് ഇരയായത്.
യു.പിയിലെ മഥുരയിൽ നിന്നും ബെഗളുരുവിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയ പ്രതികൾ തുടർന്ന് യുപിയിലെ 30കാരനായ യുവാവുമായി വിവാഹത്തിന് നിർബന്ധിച്ചതായും ശേഷം ഇവർ കൂട്ടബലാത്സംഗം ആരംഭിച്ചതായും പൊലീസ് പറയുന്നു.
ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടി വീട്ടുചെലവിന് വേണ്ടിയുള്ള പണമുണ്ടാക്കാനായി ഒരു ജോലിയന്വേഷിച്ച് സമീപത്തെ പട്ടണത്തിലേക്ക് പോവുകയും എന്തെങ്കിലും ഒരു പണി തരപ്പെടുത്തിത്തരാൻ സുഹൃത്തിനോട് പറയുകയും ചെയ്തു. യുവാവ് അയൽജില്ലയായ ബിലാസ്പൂരിലെ തന്റെ ആന്റിയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചു. പെൺകുട്ടിയുമായി സംസാരിച്ച സ്ത്രീ അവളുടെ വിശ്വാസം നേടുകയും രണ്ട് ദിവസത്തിനു ശേഷം മഥുര സ്വദേശികളായ രണ്ട് യുവാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ 30കാരനായ സഹോദരന് വിവാഹം കഴിക്കാനായി കൗമാരക്കാരിയായ പെൺകുട്ടിയെ തരപ്പെടുത്തി തരണമെന്നാവശ്യപ്പെട്ടാണ് യുവാക്കൾ സ്ത്രീയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവാക്കളുടെ യഥാർഥ ഉദ്ദേശം മനസിലാവാതിരുന്ന പെൺകുട്ടി കഴിഞ്ഞ സെപ്തംബറിൽ സ്ത്രീയുടെ വീട്ടിൽ വച്ച് അവരെ കാണുകയും തൊഴിലുടമകളാണെന്ന് വിശ്വസിക്കുകയും ചെയ്തു. യുവാക്കൾ ജോലി ശരിയാക്കുമെന്ന് പെൺകുട്ടിയോട് പ്രതിയായ സ്ത്രീ പറഞ്ഞിരുന്നു.
എന്നാൽ രണ്ടാമതൊന്ന് ആലോചിക്കാൻ സമയം കിട്ടുംമുമ്പ് താൻ ബോധരഹിതയായെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തന്നെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ബിലാസ്പൂരിലേക്ക് കൊണ്ടുപോവുകയും രഹസ്യമായി ഒരു വിവാഹ മണ്ഡപത്തിലേക്ക് എത്തിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു.
80,000 രൂപയ്ക്കാണ് സ്ത്രീ 16കാരിയെ യുവാക്കൾക്ക് വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. 18കാരിയാണെന്ന് ബോധിപ്പിക്കാൻ പെൺകുട്ടിയുടെ ജനനത്തിയതിയിൽ മാറ്റം വരുത്തി വ്യാജ ആധാർ കാർഡുണ്ടാക്കുകയും ചെയ്തെന്നും പൊലീസ് വിശദമാക്കി. തുടർന്ന് പ്രതി പെൺകുട്ടിക്ക് വീണ്ടും മയക്കുമരുന്ന് കുത്തിവയ്ക്കുകയും 1000 കി.മീ അകലെയുള്ള മഥുരയിലേക്ക് എത്തിക്കുകയും ചെയ്തു. ശേഷം ഇവിടെ ഇവരുടെ വീട്ടുകാരുടെ മുന്നിൽ വച്ച് വീണ്ടും വിവാഹചടങ്ങ് നടത്തിയതായി ജഞ്ജ്ഗിർ ചംബ എസ്പി വിജയ് അഗർവാൾ പറഞ്ഞു.
തുടർന്ന് ഒരു മുറിയിൽ അടച്ചിട്ട ശേഷം വിവാഹം ചെയ്തയാളും ഇയാളുടെ സഹോദരനും ചേർന്ന് തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ അവിടെ അന്വേഷണം നടക്കുമ്പോഴും മഥുരയിലെ യുവാക്കളുടെ വീട്ടിൽ ഒരു വർഷത്തോളം ക്രൂര പീഡനം തുടരുകയായിരുന്നു. ഈ വീട് ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ മറ്റുള്ളവരുടെ സഹായം തേടാനും പെൺകുട്ടിക്ക് സാധിച്ചില്ല.
ഒരിക്കൽ ഒരു അവസരം കിട്ടിയപ്പോൾ പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതരെ ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ശിശു സുരക്ഷാ ഉദ്യോഗസ്ഥരെത്തി 16കാരിയെ മോചിപ്പിക്കുകയുമായിരുന്നു. അവർ ജഞ്ജ്ഗിർ ചംബ പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് കാണാതായവരുടെ പട്ടിക പരിശോധിച്ച ശേഷം പെൺകുട്ടിയെ തിരിച്ചറിയുകയും ചെയ്തു. ശേഷം ഇവിടെ നിന്നും വനിതാ പൊലീസുകാരടങ്ങുന്ന സംഘം പെൺകുട്ടിയെ കൊണ്ടുവരാനായി മഥുരയിലേക്ക് പോവുകയും ചെയ്തു.
ഇവിടെയെത്തി പ്രതികളുടെ വീട് വളഞ്ഞ പൊലീസ് പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്ത യുവാവ് അടക്കം മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ വിറ്റ സ്ത്രീ ബെംഗളുരുവിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയും ജഞ്ജ്ഗിറിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടൊപ്പം പ്രതികളുടെ വീട്ടിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടിയെയും ഛത്തീസ്ഗഢിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്തിക്കുകയും മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.
നാല് പ്രതികൾക്കെതിരെയും പോക്സോ വകുപ്പ് പ്രകാരവും ഐപിസി 370 (മനുഷ്യക്കടത്ത്), 376 (കൂട്ടബലാത്സംഗം), 354 (പീഡനം, ഉപദ്രവം), 363 (തട്ടിക്കൊണ്ടുപോവൽ), 366 (വിവാഹത്തിനായി തട്ടിക്കൊണ്ടുപോവൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.