മയക്കുമരുന്ന് കേസ്; ബോളിവുഡിനെ മുബൈയില്‍ നിന്ന് കടത്താന്‍ ബി.ജെ.പിയുടെ സൃഷ്ടിയെന്ന് നവാബ് മാലിക്
|നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
ബോളിവുഡിലെ ലഹരിവേട്ട ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മഹാരാഷ്ട്രാ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
'ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ പ്രാധാന്യമുള്ള ഒന്നുംതന്നെയില്ല. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റുക എന്ന ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണിത്. ഗൂഢാലോചന ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്,' നവാബ് മാലിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ആര്യൻ ഖാനെ എൻ.സി.ബി ഓഫിസിലേക്ക് വലിച്ചിഴച്ച കിരൺ ഗോസാവി ഇപ്പോൾ ജയിലിലാണ്. ആര്യൻ ഖാനും മറ്റുള്ളവർക്കും ജാമ്യം ലഭിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന ഒരാൾ കഴിഞ്ഞദിവസം കോടതിയുടെ വാതിലിൽ മുട്ടിയിരുന്നു,' എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാലിക് പരോക്ഷമായി വിമര്‍ശിച്ചു. സമീർ വാങ്കഡെ തെറ്റ് ചെയ്തിട്ടുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹത്തിനെതിരായ അന്വേഷണത്തിൽ ഭയക്കുന്നതെന്നും മന്ത്രി ആരോപിച്ചു.