മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികയായ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമവും കൈയേറ്റവും; പൊലീസുകാരനെതിരെ കേസ്
|താനൊരു ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയും ചെയ്തു.
നവി മുംബൈ: മദ്യലഹരിയിൽ കാറോടിക്കുകയും ബൈക്ക് യാത്രികയായ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്ത പൊലീസുകാരനെതിരെ കേസ്. നവി മുംബൈയിലെ ഖാർഘറിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിനു പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ദിനേഷ് മഹാജൻ (46) എന്ന പൊലീസ് കോൺസ്റ്റബിളിനെതിരെയാണ് കേസ്. 26കാരിയായ പരാതിക്കാരി ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ, പൊലീസുകാരന്റെ കാർ ഇവരുടെ വാഹനത്തിൽ ഉരസി. ഇതോടെ ഭർത്താവിന് അൽപസമയത്തേക്ക് ബാലൻസ് നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം ഉടൻ ബൈക്ക് നിയന്ത്രിച്ചെന്ന് പരാതിയിൽ പറയുന്നു.
'തുടർന്ന് അദ്ദേഹം കാർ ഡ്രൈവറോട് അതേക്കുറിച്ച് ചോദിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കാർ ഡ്രൈവർ അദ്ദേഹത്തോട് തട്ടിക്കയറി. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും താനൊരു ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയും ചെയ്തു'- പരാതിയിൽ പറയുന്നു. എന്നാൽ ഇത് നിഷേധിച്ച പൊലീസ് ഉദ്യോഗസ്ഥർ, അയാൾ കോൺസ്റ്റബിൾ റാങ്കിലുള്ള പൊലീസുകാരൻ മാത്രമാണെന്നും അറിയിച്ചു.
തർക്കത്തിനിടെ പൊലീസുകാരൻ ബൈക്കിന് കുറുകെ കാർ നിർത്തിയിറങ്ങിയ ശേഷം തന്റെ കൈയിൽ കയറിപ്പിടിച്ച് വലിച്ചിറക്കുകയും ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തെന്നും തുടർന്ന് കാറിനകത്തേക്ക് തള്ളിയിട്ടെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
ഈ സമയം സംഭവം കണ്ട് ആളുകൾ ഓടിക്കൂടുകയും പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി ഇരു കൂട്ടരേയും ഖാർഘർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പൊലീസുകാരൻ മദ്യപിച്ചിരുന്നതായി വ്യക്തമായി.
കാർ ഡ്രൈവറായ പൊലീസുകാരൻ തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായും കൈയേറ്റം ചെയ്തതായും യുവതി പൊലീസിനെ അറിയിച്ചു. ഇതോടെ അവരേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
തുടർന്ന് യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് പാട്ടീൽ പറഞ്ഞു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.