ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ മദ്യപിച്ച് ക്ലാസ്‌റൂമിൽ
|അച്ഛൻ ദിവസവും മദ്യപിക്കാറുണ്ടെന്നാണ് അധ്യാപകർ ചോദ്യം ചെയ്തപ്പോൾ ഒരു വിദ്യാർത്ഥി മറുപടി നൽകിയത്
മദ്യപിച്ച് ക്ലാസ്‌റൂമിലെത്തി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ. ആന്ധ്രാപ്രദേശിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. സംസ്ഥാനത്ത് മദ്യ നിയന്ത്രണത്തിന് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കുട്ടികൾ സ്‌കൂളിലിരുന്ന് മദ്യപിച്ചത്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിലുള്ള സർക്കാർ സ്‌കൂളിലാണ് വിദ്യാർത്ഥികൾ മദ്യപിച്ച് ക്ലാസ്‌റൂമിലെത്തിയത്. ഉച്ചഭക്ഷണത്തിനിടെയാണ് വിദ്യാർത്ഥികൾ കൂട്ടമായിരുന്ന് മദ്യപിച്ചത്. ഇത് കാണാനിടയായ മറ്റു വിദ്യാർത്ഥികൾ ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഹെഡ്മാസ്റ്റർ രക്ഷിതാക്കളെ വിളിച്ചുവരുത്തി. വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുകയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകി പിരിച്ചുവിടുകയും ചെയ്തു. അച്ഛൻ ദിവസവും മദ്യപിക്കാറുണ്ടെന്നാണ് അധ്യാപകർ ചോദ്യം ചെയ്തപ്പോൾ ഒരു കുട്ടി മറുപടി നൽകിയത്.
ആന്ധ്രയിൽ മദ്യവിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് പുതിയ സംഭവം. സംസ്ഥാനത്തെ മുഴുവൻ മദ്യഷാപ്പുകളും സർക്കാർ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്.
Summary: Class 9 students arrive at school drunk in Andhra Pradesh