പിടിച്ചെടുക്കുന്ന മദ്യക്കുപ്പികൾ വളകളാക്കുന്നു; നിതീഷ് കുമാറിന്റെ പുതിയ നീക്കം
|മദ്യനിരോധനം തുടരുന്ന ബിഹാറിൽ 'ജീവിക' ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ മദ്യക്കുപ്പികളിൽ നിന്ന് ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
പാറ്റ്ന: പിടിച്ചെടുക്കുന്ന മദ്യക്കുപ്പികൾ വളകളാക്കിമാറ്റാനൊരുങ്ങി ബിഹാർ. നിതീഷ് കുമാർ സർക്കാർ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഉപയോഗിച്ച് ഗ്ലാസ് വളകൾ ഉണ്ടാക്കി വിൽക്കാനാണ് തീരുമാനം. ജീവിക എന്നറിയപ്പെടുന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ നിന്ന് ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
''റെയ്ഡുകളിൽ പിടിച്ചെടുത്ത അനധികൃത മദ്യക്കുപ്പികൾ മുമ്പ് ചതച്ച് മാലിന്യമായി കണക്കാക്കിയിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ കുപ്പികൾ ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടിയ ജീവിക പ്രവർത്തകർക്ക് നൽകും. സംസ്ഥാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് പട്നയിൽ ഒരു ഗ്ലാസ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനും 'ജീവിക' സ്ത്രീകളെ വള നിർമ്മാണത്തിൽ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്,'' ബീഹാർ എക്സൈസ് കമ്മീഷണർ ബി. കാർത്തികേ ധൻജി പറഞ്ഞു. പദ്ധതി വിജയിക്കുകയാണെങ്കിൽ, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ഗ്ലാസ് വളകൾ നിർമ്മിക്കുന്ന ഫാക്ടറികളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും', ധൻജി കൂട്ടിച്ചേർത്തു. ലോകബാങ്ക് ധനസഹായം നൽകുന്ന, ബീഹാറിലെ ഗ്രാമീണ വികസന വകുപ്പിന് കീഴിൽ വരുന്ന ഒരു ഗ്രാമീണ സാമൂഹിക സാമ്പത്തിക ശാക്തീകരണ പരിപാടിയാണ് 'ജീവിക'
2016 ഏപ്രിൽ അഞ്ചിനാണ് നിതീഷ് കുമാർ ബിഹാറിൽ സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചത്. നിരോധനമുണ്ടെങ്കിലും വലിയ അളവിൽ മദ്യം ബിഹാറിൽ പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഓഗസ്റ്റിൽ മാത്രം 3.7 ലക്ഷം ലിറ്റർ മദ്യമാണ് പിടികൂടിയത്. ഒരു ലക്ഷത്തോളം റെയ്ഡുകളാണ് ഓഗസ്റ്റ് മാസത്തിൽ നടത്തിയതെന്ന് എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അനധികൃത മദ്യ നിർമ്മാതാക്കളെയും വ്യാപാരികളെയും കണ്ടെത്താൻ പോലീസും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഡ്രോണുകൾ, എഎൽടിഎഫ് (പോലീസ് ഉദ്യോഗസ്ഥരുടെ മദ്യവിരുദ്ധ ടാസ്ക് ഫോഴ്സ്), ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചുവരികയാണ്. പല ജില്ലകളിലും നദീതീരത്തുള്ള അനധികൃത മദ്യനിർമ്മാണശാലകൾ ഡ്രോണുകൾ വഴി കണ്ടെത്തി പോലീസും എക്സൈസും ചേർന്ന് തകർത്തു.