കോവിഡ് കാലത്ത് അസിം പ്രേംജി ദിവസേന സംഭാവന നൽകിയത് 27 കോടി രൂപ; മുകേഷ് അംബാനി മൂന്നാം സ്ഥാനത്ത്
|നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എച്ച്സിഎൽ ടെക്നോളജീസ് ഉടമ ശിവ നാടാറിനെയാണ് ഇത്തവണ പ്രേംജി പിന്നിലാക്കിയത്
2021 സാമ്പത്തിക വർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം സംഭാവന നൽകിയ വ്യക്തി വിപ്രോ ഉടമ അസിം പ്രേംജി. മഹാമാരിക്കാലത്ത് ജനജീവിതത്തിനു ആശ്വാസകരമാകുന്ന പ്രവർത്തനങ്ങളായിരുന്നു അസിം പ്രേംജിയുടേത്. പ്രതിദിനം 27 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്, പ്രതിവർഷം 9,713 കോടി രൂപ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവും കുടുതൽ തുക സംഭാവന നൽകിയവരുടെ പട്ടിക എഡെൽഗിവ് ഹുറൂൺ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.
നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എച്ച്സിഎൽ ടെക്നോളജീസ് ഉടമ ശിവ നാടാറിനെയാണ് ഇത്തവണ പ്രേംജി പിന്നിലാക്കിയത്. 1,263 കോടി രൂപയാണ് ശിവ നാടാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ വർഷം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയാണ് (577 കോടി രൂപ) പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അഞ്ചാം സ്ഥാനത്തും(183 കോടി), ഇന്ത്യയിലെ രണ്ടാമാത്തെ സമ്പന്നനായ ഗൗതം അദാനി പട്ടികയിൽ എട്ടാം സ്ഥാനത്തുമുണ്ട്(130 കോടി).
ഹിന്ദുജ കുടുംബം, ബജാജ് കുടുംബം, അനിൽ അഗർവാൾ, ബർമൻ കുടുംബം എന്നിവരും പട്ടികയുടെ ആദ്യ പത്തിൽ ഇടം നേടിട്ടുണ്ട്. ഏറ്റവും വലിയ സ്റ്റോക്ക് നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയും തന്റെ മൊത്തം വരുമാനത്തിന്റെ നാലിലൊരു ഭാഗം സംഭാവനായി നൽകി. 9 വനിതകളാണ് പട്ടികയിലുള്ളത്. റോഹിനി നിലേക്കനി( 69 കോടി), യു.എസ്.വിയിലെ ലിനാഗാന്ധി (24 കോടി), തെർമാക്സിന്റെ അനു ആഗ(20കോടി) തുടങ്ങിയവരാണ് വനിതകളില്‍ മുന്നിൽ.
ഇവരെ കൂടാതെ ഒട്ടനവധി പ്രമുഖരും പട്ടികയിൽ പുതുതായി ഇടം പിടിച്ചിട്ടുണ്ട്. 112 പേരാണ് ഇത്തവണ പട്ടികയിൽ ഇടം നേടിയത്. 40 വയസ്സിനു താഴെയുള്ളവരാണ് പട്ടികയിൽ കൂടുതല്‍. 12 ശതമാനമാണ് സംഭാവനയിലെ വർധനവ്.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലുമാണ് നിലവിൽ ഈ സംഭാവനകൾ കുടൂതലായും ചെലവഴിച്ചതെന്നും 10 വർഷത്തിനുളളിൽ സമൂഹത്തിന്റെ മറ്റു അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാനാകുമെന്നും ഹുറുൺ മാനേജിങ് ഡയറക്ടർ അന്നാസ് റഹ്മാൻ പറഞ്ഞു.
പട്ടികയിൽ ഇടം നേടിയവരിൽ അധികവും മുംബൈയിൽ നിന്നുള്ളവരാണ്. ന്യൂഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓട്ടോമൊബൈൽ, സോഫ്റ്റ് വെയർ, ഫാർമസി എന്നീ മേഖയിലുള്ള വ്യവസായികളാണ് ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പട്ടികയില്‍ പറയുന്നു.