'നാസി, മിലിട്ടറി സ്കൂളുകളല്ല ഇത്; സിഖുകാരുടെ തലപ്പാവ് പോലെത്തന്നെ മുസ്ലിം സ്ത്രീകൾക്ക് ഹിജാബും'-സുപ്രിംകോടതിയിൽ ദുഷ്യന്ത് ദവെ
|''5,000 വർഷത്തിനിടയിൽ ഒരുപാട് മതങ്ങളെ നമ്മൾ സ്വീകരിച്ചു. ഹിന്ദു, ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം ഇന്ത്യ ജന്മം നൽകി. അധിനിവേശമൊന്നുമില്ലാതെ ഇവിടെയെത്തിയ ഇസ്ലാമിനെ നമ്മൾ സ്വീകരിക്കുകയും ചെയ്തു.''
ന്യൂഡൽഹി: ഹിജാബ് കേസിൽ ഏഴാം ദിവസവും സുപ്രിംകോടതിയിൽ വാദം കേട്ടു. സിഖ് മതക്കാർക്ക് തലപ്പാവ് പോലെത്തന്നെയാണ് മുസ്്ലിം സ്ത്രീകൾക്ക് ഹിജാബുമെന്ന് ഒരു വിഭാഗം വിദ്യാർത്ഥിനികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ വ്യക്തമാക്കി.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. കേസിൽ നാളെയും വാദംകേൾക്കൽ തുടരും.
''ഹിജാബിനും പൊട്ടിനും കുരിശിനുമുള്ള അവകാശമാണ് നമ്മുടെ സാമൂഹികജീവിതത്തിന്റെ സൗന്ദര്യം''
''ഇതൊരു യൂനിഫോമിന്റെ കാര്യമല്ല. സൈനിക സ്കൂളുകളുടെയും പട്ടാളച്ചിട്ടയുള്ള നാസി സ്കൂളുകളുടെയും വിഷയമല്ല നമ്മൾ കൈകാര്യം ചെയ്യുന്നത്. പ്രീ യൂനിവേഴ്സിറ്റി കോളജുകളുടെ കാര്യമാണിത്.''-ദവെ ചൂണ്ടിക്കാട്ടി.
സിഖ് മതക്കാർക്ക് തലപ്പാവുള്ള പോലെത്തന്നെ ഹിജാബ് മുസ്ലിം സ്ത്രീകൾക്കും പ്രധാനമാണെന്ന് അദ്ദേഹം സൂചിപ്പിട്ടു. ''അതിൽ ഒരു തെറ്റുമില്ല. അവരുടെ വിശ്വാസമാണത്. പൊട്ട് തൊടാനും കുരിശ് ധരിക്കാനും ആഗ്രഹിക്കുന്നവരുണ്ട്. എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്. അതാണ് ഇവിടത്തെ സാമൂഹികജീവിതത്തിന്റെ സൗന്ദര്യവും.''-ദുഷ്യന്ത് ദവെ കൂട്ടിച്ചേർത്തു.
''സുന്ദരമായ സംസ്കാരത്തിനും പാരമ്പര്യത്തിനും മുകളിൽ പടുത്തുയർത്തപ്പെട്ടതാണ് ഈ രാജ്യം. 5,000 വർഷത്തിനിടയിൽ ഒരുപാട് മതങ്ങളെ നമ്മൾ സ്വീകരിച്ചു. ഹിന്ദു, ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം ഇന്ത്യ ജന്മം നൽകി. അധിനിവേശമൊന്നുമില്ലാതെ ഇവിടെയെത്തിയ ഇസ്ലാമിനെ നമ്മൾ സ്വീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ ഒഴികെ പുറത്തുനിന്നു വന്നവർ കീഴടക്കാനൊന്നും നിൽക്കാതെ ഇവിടെത്തന്നെ അധിവാസമാക്കിയ ഒരേയൊരു രാജ്യമാണ് ഇന്ത്യ. ലിബറൽ പാരമ്പര്യത്തിലും നാനാത്വത്തിൽ ഏകത്വത്തിലും പടുത്തുയർത്തപ്പെട്ടതാണ് ഈ രാജ്യം.''
ഡോ. ബി.ആർ അംബേദ്ക്കറും സർദാർ വല്ലഭ്ഭായി പട്ടേലുമെല്ലാം ഭയന്നത് യാഥാർത്ഥ്യമാകുകയാണെന്നും ദവെ ചൂണ്ടിക്കാട്ടി. ഒരു മുസ്ലിമിനെ വിവാഹം കഴിക്കാൻ ഹിന്ദുവിന് മജിസ്ട്രേറ്റിന്റെ അനുമതി വേണമെങ്കിൽ എവിടെയാണ് നാനാത്വത്തിൽ ഏകത്വമുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾക്ക് എങ്ങനെയാണ് പ്രണയത്തിനു വിലങ്ങുവയ്ക്കാനാകുക? ഇതെങ്ങനെയാണ് ജനാധിപത്യമാകുന്നതെന്നും ദവെ ചോദിച്ചു.
''ഹിജാബ് നിർബന്ധമാണെന്ന് മുസ്ലിം സ്ത്രീ ചിന്തിക്കുന്നുണ്ടെങ്കിൽ കോടതിക്ക് മറിച്ചൊന്നും പറയാനാകില്ല''
ജഡ്ജിമാർ ഞങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷകർ മാത്രമല്ല, പാർലമെന്ററി അമിതാധികാരങ്ങൾക്കും പൗരന്മാർക്കും ഇടയിൽ നിൽക്കേണ്ടവരാണ് നിങ്ങളെന്നും ദുഷ്യന്ത് തവെ പറഞ്ഞു. യു.എസ് സൈന്യം തലപ്പാവിന് അനുമതി നൽകിയിട്ടുണ്ട്. മതങ്ങളോടുള്ള അവരുടെ ആദരവാണത്. ഭരണഘടനാ നിർമാതാക്കൾ തലപ്പാവിനു വേണ്ടി സംസാരിച്ചിട്ടില്ല. കൃപാണിനെക്കുറിച്ച് മാത്രമാണ് അവർ സംസാരിച്ചിട്ടുള്ളത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഈ കോടതി പരിഗണിക്കേണ്ട ഒരേയൊരു മതം ഇന്ത്യയുടെ ഭരണഘടനയാണ്. ഹിന്ദുക്കൾക്ക് ഗീതയും മുസ്ലിംകൾക്ക് ഖുർആനും സിഖുകാർക്ക് ഗുരുഗ്രന്ഥ് സാഹിബും ക്രിസ്ത്യാനികൾക്ക് ബൈബിളും പ്രധാനമാണെന്ന പോലത്തെന്നെ ഭരണഘടനയില്ലെങ്കിൽ നമ്മൾ എവിടെയും എത്തുമായിരുന്നില്ല.''
ഭരണഘടനയുടെ 25-ാം വകുപ്പിന്റെ അടിസ്ഥാനം സഹിഷ്ണുതയാണ്. ഹൈക്കോടതി ജഡ്ജിമാർ ഭരണഘടനാ ധാർമികതയും ഭരണഘടനയും ഭരണഘടനാ തത്വങ്ങളും എന്താണെന്ന് ശരിക്കും മനസിലാക്കിയിട്ടില്ല. ഹിജാബ് ധരിക്കൽ മതത്തിൽ നിർബന്ധമാണെന്ന് ഒരു മുസ്ലിം സ്ത്രീ ചിന്തിക്കുന്നുണ്ടെങ്കിൽ ഒരു കോടതിക്കും ഭരണകൂടത്തിനും മറിച്ചൊന്നും പറയാനാകില്ല. ദക്ഷിണാഫ്രിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച് കോടതികൾക്കും മതിയായ മുൻഗണന ജഡ്ജിമാർ നൽകണം. കാരണം മറ്റ് നീതിന്യായ സംവിധാനങ്ങളിൽനിന്നു വലിയ തോതിൽ നമ്മൾ കടംകൊണ്ടിട്ടുണ്ടെന്നും ദുഷ്യന്ത് ദവെ കൂട്ടിച്ചേർത്തു.
Summary: 'Just like turbans for Sikhs, hijabs important for Muslim women,', says Senior advocate Dushyant Dave, the petitioners' lawyer, in Supreme court in Hijab case