'കൈ പിടിച്ചുതിരിച്ചു, കാമറ തട്ടിയെടുത്തു'; ബെംഗളൂരുവിൽ ഡച്ച് യൂട്യൂബറെ കയ്യേറ്റം ചെയ്ത് തെരുവ്കച്ചവടക്കാരൻ
|വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ബെംഗളൂരു ചിക്ക്പേട്ടിലെ തിരക്കേറിയ സൺഡേ മാർക്കറ്റിലൂടെ വ്‌ളോഗിങ് നടത്തുകയായിരുന്ന ഡച്ച് യൂട്യൂബർ പെട്രോ മോട്ടക്കാണ് വഴിയോര കച്ചവടക്കാരനിൽ നിന്നും ദുരനുഭവമുണ്ടായത്.
ചോർ ബസാറിലൂടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇതിനിടെ ഒരു കച്ചവടക്കാരൻ ഇദ്ദേഹത്തെ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. മോത്തയുടെ ക്യാമറ തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് യൂട്യൂബർ ഓടിരക്ഷപ്പെട്ടു. എന്നാൽ ഈ സംഭവം വീഡിയോ ആക്കി 'ഇന്ത്യയിലെ കള്ളന്മാരുടെ മാർക്കറ്റിൽ നിന്നുള്ള ആക്രമം' എന്ന തലക്കെട്ടോടെ യൂട്യൂബർ പുറത്തിറക്കുകയും ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് യൂട്യൂബർക്ക് പിന്തുണയുമായി എത്തിയത്. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് ആരോപണ വിധേയനായ നവാബ് ഖാൻ എന്ന വഴിയോര കച്ചവടക്കാരനെ ചിക്പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശ യൂട്യൂബർ തന്റെ ദൃശ്യങ്ങൾ പകർത്തിയാൽ ഭാവിയിൽ ബുദ്ധിമുട്ടകൾ ഉണ്ടായേക്കാമെന്ന് ഭയന്നാണ് അയാളെ തടഞ്ഞതെന്ന് നവാബ് ഖാൻ പൊലീസിനോട് പറഞ്ഞത്