India
ന്യൂനപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനം; മൗലാനാ ആസാദ് സ്കോളർഷിപ് റദ്ദാക്കലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
India

ന്യൂനപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനം; മൗലാനാ ആസാദ് സ്കോളർഷിപ് റദ്ദാക്കലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

Web Desk
|
13 Dec 2022 4:01 AM GMT

പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം എംപി അറിയിച്ചു

ന്യൂഡൽഹി: മൗലാനാ ആസാദ് സ്കോളർഷിപ് റദ്ദാക്കിയ കേന്ദ്രനടപടിക്കെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എ എ റഹീം എംപി പറഞ്ഞു. സ്കോളർഷിപ് റദ്ദാക്കിയ നടപടി ന്യൂനപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം എംപി അറിയിച്ചു.

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022-23 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു.

''മൗലാനാ ആസാദ് സ്‌കോളർഷിപ്പ് സ്‌കീം നടപ്പിലാക്കിയത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി) ആണ്. യു.ജി.സി നൽകിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയിൽ 6,722 ഉദ്യോഗാർത്ഥികളെ സ്‌കീമിന് കീഴിൽ തിരഞ്ഞെടുക്കുകയും 738.85 കോടി രൂപയുടെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്‌കീമുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാൽ 2022-23 മുതൽ മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു''-സ്മൃതി ഇറാനി പറഞ്ഞു.

Similar Posts