'ഇവിടെ പ്രശ്നങ്ങളുണ്ടായപ്പോൾ നിങ്ങൾ എവിടെയായിരുന്നു?;' ഇന്ത്യയുടെ റഷ്യ - യുക്രൈൻ നിലപാടിനെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളോട് വിദേശകാര്യ മന്ത്രി
|"ഏഷ്യയിൽ നിയമവാഴ്ച താറുമാറായപ്പോൾ യൂറോപ്പ് ഞങ്ങൾക്ക് നൽകിയ ഉപദേശം അവരുമായി കൂടുതൽ കച്ചവടം നടത്താനായിരുന്നു."
ന്യൂഡൽഹി: ഏഷ്യയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ ഉത്കണ്ഠകൾക്ക് ചെവി നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായില്ലെന്നും യുക്രൈൻ - റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്യാൻ യൂറോപ്പിന് അവകാശമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിലെ റായ്സിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
("Where were you when order in Asia was under threat: S Jaishankar to Europe")
'ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സുപ്രധാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അഫ്ഗാനിസ്താനും ഏഷ്യയിലെ കുഴപ്പങ്ങളുമടക്കം. ഏഷ്യയിൽ നിയമവാഴ്ച താറുമാറായപ്പോൾ യൂറോപ്പ് ഞങ്ങൾക്ക് നൽകിയ ഉപദേശം അവരുമായി കൂടുതൽ കച്ചവടം നടത്താനായിരുന്നു. കുറഞ്ഞത് ആ ഉപദേശം ഞങ്ങൾ നിങ്ങൾക്ക് തരുന്നില്ല. അഫ്ഗാന്റെ കാര്യത്തിൽ, ലോകരാഷ്ട്രങ്ങൾ അവിടെ ചെയ്തു കൂട്ടിയത് ഏത് നിയമം വെച്ചാണ് ന്യായീകരിക്കാൻ കഴിയുക എന്ന് പറഞ്ഞു തരൂ...' ജയശങ്കർ പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെ യൂറോപ്യൻ രാജ്യങ്ങൾ വിമർശിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രൈനിലെ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള നാറ്റോയുടെ തീരുമാനമാണ് റഷ്യ - യുക്രൈൻ യുദ്ധത്തിന് കാരണമെന്ന് ജയശങ്കർ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. യുദ്ധം തുടങ്ങിയ ശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് പെട്രോളിയം ഇറക്കുമതി ചെയ്യുന്നത് വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം കാരണമുണ്ടാകുന്ന വിലക്കയറ്റം, ഭക്ഷ്യക്ഷാമം തുടങ്ങിയവ ഒരു രാജ്യവും ആഗ്രഹിക്കുന്നതല്ല. യുദ്ധത്തിൽ നിന്ന് ആരും നേട്ടമുണ്ടാക്കുന്നില്ല - ജയശങ്കർ പറഞ്ഞു.
റഷ്യയുമായി വ്യാപാരം തുടരുന്ന ഇന്ത്യയുടെ നിലപാടിനെതിരെ യൂറോപ്യൻ രാജ്യങ്ങളായ നോർവേയുടെയും ലക്സംബർഗിന്റെയും വിദേശമന്ത്രിമാർ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ജയശങ്കർ യൂറോപ്പിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. ചൈന അയൽരാഷ്ട്രങ്ങളുടെ പ്രദേശങ്ങൾ കൈയേറുമ്പോൾ യൂറോപ്പ് എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.
'നമുക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ കാണാം. യുദ്ധം അവസാനിപ്പിച്ച് നയതന്ത്രം തിരിച്ചുവരാനും സംഭാഷണം ആരംഭിക്കാനുമുള്ള വഴികൾ നമുക്ക് തേടാം. അതാണ് ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.' - വിദേശകാര്യമന്ത്രി പറഞ്ഞു.
'യൂറോപ്പിൽ നടക്കുന്ന കാര്യങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് വിഷമമുണ്ടാകണം എന്ന നിരവധി വാദങ്ങളുണ്ട്. ഏഷ്യയിലും ഇതൊക്കെ സംഭവിക്കാം എന്നാണവരുടെ ന്യായം. നിങ്ങൾക്കറിയാമോ, ഏഷ്യയിൽ പത്ത് വർഷത്തോളമായി പ്രശ്നങ്ങളുണ്ട്. യൂറോപ്പ് അത് കണ്ടുകാണില്ല. ഏഷ്യയിലേക്കു കൂടി നോക്കാനുള്ള അവസരമാണ് യൂറോപ്യൻ രാജ്യങ്ങൾക്കിത്.'
'ഏഷ്യയിൽ രാജ്യാതിർത്തികളുടെ പ്രശ്നങ്ങളുണ്ട്. രാജ്യങ്ങൾ ഭീകരവാദം സ്പോൺസർ ചെയ്യുന്നുണ്ട്. നിയമവാഴ്ച തുടർച്ചയായി ഭീഷണിയുടെ നിഴലിലാണ്. ഇതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ല. പത്ത് വർഷത്തോളമായി നടക്കുന്ന കാര്യങ്ങളാണ്.' ജയശങ്കർ പറഞ്ഞു.
റഷ്യ - യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്ഷാമമുണ്ടാവുമ്പോൾ ഗോതമ്പ് അടക്കമുള്ള കൃഷിയുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.