'ശ്രാവണമാസം മട്ടൻകറി, നവരാത്രിയിൽ മീൻ'; പ്രചാരണത്തിൽ വെജും നോൺവെജും വിളമ്പി മോദി
|"പ്രതിപക്ഷ നേതാക്കള്‍ക്ക് മുഗള്‍ രാജാക്കന്മാരുടെ മനോഭാവം"
ഉധംപൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തിനെതിരെ ഭക്ഷണം പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുടെ വിശിഷ്ട ദിനങ്ങളിൽ നോൺ വെജ് ഭക്ഷണം കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങൾക്ക് വില കൽപ്പിക്കാത്തവരാണ് ഇൻഡ്യാ മുന്നണി നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിലെ ഉധംപൂരിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ വികാരങ്ങളെ കാര്യമാക്കാത്തവരാണ് കോൺഗ്രസും ഇൻഡ്യാ മുന്നണി നേതാക്കളും. അവർ ജനങ്ങളുടെ വികാരം വച്ച് കളിക്കുന്നു. അവരുടെ ഒരു നേതാവ് (രാഹുൽ ഗാന്ധി) ഒരു സഖ്യകക്ഷി നേതാവിനെ (ലാലു പ്രസാദ് യാദവ്) കണ്ടു - അദ്ദേഹം ജാമ്യത്തിൽ കഴിയുന്ന കുറ്റവാളിയാണ്- സാവൻ (ശ്രാവൺ) മാസത്തിൽ മട്ടൻ കറി ഉണ്ടാക്കാനാണ് അദ്ദേഹമെത്തിയത്. അത് വീഡിയോ എടുത്ത് ഷൂട്ട് ചെയ്ത് അവർ ഇന്ത്യക്കാരുടെ വിശ്വാസത്തെ ഇളക്കിവിട്ടു' - മോദി പറഞ്ഞു.
'ഇഷ്ടഭക്ഷണം കഴിക്കുന്നതിന് നിയമം ആർക്കും തടസ്സം നിൽക്കുന്നില്ല. മോദിയും വിലക്കുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ വെജോ നോൺ വെജോ കഴിക്കാം. എല്ലാവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇക്കൂട്ടരുടെ (പ്രതിപക്ഷം) ഉദ്ദേശ്യം വേറെയാണ്. അവരുടെ ഉന്നം മുഗളർക്ക് തുല്യമാണ്. ഇന്ത്യയിലെ രാജാക്കന്മാരെ തോൽപ്പിച്ചപ്പോൾ മാത്രമല്ല മുഗൾക്ക് സംതൃപ്തി കിട്ടിയത്, അമ്പലങ്ങൾ തകർക്കുക കൂടി ചെയ്തപ്പോഴാണ്.'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മുഗളന്മാർക്ക് സമാനമാണ് പ്രതിപക്ഷ നേതാക്കളുടെ മനോനിലയെന്നും മോദി ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും ഒന്നിച്ച് മട്ടൺ കറി വയ്ക്കുന്നതിന്റെ വീഡിയോ പരാമർശിച്ചാണ് മോദിയുടെ വിമർശനങ്ങൾ. 2023 സെപ്തംബറിൽ പോസ്റ്റ് ചെയ്ത വീഡിയോ ഈയിടെ വൈറലായിരുന്നു. തേജസ്വി യാദവ് മീൻ കഴിക്കുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതും മോദിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു.
അതേസമയം, മോദിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ് രംഗത്തെത്തി. 'അദ്ദേഹം (മോദി) ബിഹാർ അനുഭവിക്കുന്ന ഏതെങ്കിലും വിഷയത്തെ കുറിച്ച് സംസാരിച്ചോ? യുവാക്കളെ കുറിച്ചോ കർഷകരെ കുറിച്ചോ കൂട്ടപ്പലായനത്തെ കുറിച്ചോ സംസാരിച്ചോ? ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാനപ്പെട്ട പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രിക്ക് ദാരിദ്ര്യം നിർമാർജനം ചെയ്യാനാകാത്തത് എന്തു കൊണ്ടാണ്. എന്തുകൊണ്ടാണ് ബിഹാറിന് പ്രത്യേകപദവി നൽകാത്തത്' - തേജസ്വി ചോദിച്ചു.