ഹേമ മാലിനിക്കെതിരായ പരാമർശം; രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്
|2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്‌ക്കെതിരേയുള്ളത്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി, ഹേമ മാലിനിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേവാലയ്‌ക്കെതിരേയുള്ളത്.
ഹേമമാലിനിയെ പോലുള്ളവര്‍ക്ക് എം.പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുര്‍ജേവാല നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
പരാതി സംബന്ധിച്ച് സുര്‍ജേവാലയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് കമ്മിഷന്‍ വിലയിരുത്തി.
പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് കമ്മിഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ 48 മണിക്കൂറോളമാണ് വിലക്ക്.
അതേസമയം ബിജെപി തെറ്റായി വ്യാഖ്യാനിച്ച വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയാണെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.