'മതം പറഞ്ഞ് വോട്ടുപിടിത്തം'; തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്ത് തെര. കമ്മിഷൻ
|യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യ സിറ്റിങ് സീറ്റായ ബെംഗളൂരു സൗത്തിലാണ് ഇത്തവണയും മത്സരിക്കുന്നത്
ബെംഗളൂരു: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബി.ജെ.പി യുവനേതാവ് തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബെംഗളൂരു സൗത്തിൽ വീണ്ടും മത്സരിക്കുന്ന സൂര്യ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതിയിലാണ് കമ്മിഷൻ ഇടപെട്ടിരിക്കുന്നത്. ബി.ജെ.പി യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയുടെ(ബി.ജെ.വൈ.എം) ദേശീയ അധ്യക്ഷൻ കൂടിയാണ് തേജസ്വി സൂര്യ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബെംഗളൂരു ജയനഗർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോ ആണ് കേസിനാസ്പദമായത്. ഇതുവഴി മതം പറഞ്ഞ് വോട്ടഭ്യർഥിച്ചുവെന്നാണ് കമ്മിഷൻ പറുന്നത്.
കർണാടകയിൽ ആകെ 28 സീറ്റിൽ ബെംഗളൂരു സൗത്ത് ഉൾപ്പെടെ 14 ഇടത്ത് ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കി 14 ഇടത്ത് മേയ് ഏഴിന് മൂന്നാം ഘട്ടത്തിലാണ് വോട്ടിങ് നടക്കുന്നത്. ബി.ജെ.പിയുടെ തീപ്പൊരി നേതാവാണ് തേജസ്വി സൂര്യ. 1996 മുതൽ 2014 വരെ മുൻ കേന്ദ്രമന്ത്രി അനന്ത്കുമാർ തുടർച്ചയായി ആറു തവണ പാർലമെന്റിൽ പ്രതിനിധീകരിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. 2019ൽ ഇവിടെ മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ചാണ് സൂര്യ പാർലമെന്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
ആൾ ഇന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഗതാഗത മന്ത്രിയുമാ രാമലിംഗ റെഡ്ഡിയുടെ മകളുമായ സൗമ്യ റെഡ്ഡിയാണ് ഇത്തവണ ബെംഗളൂരു സൗത്തിൽ തേജസ്വി സൂര്യയുടെ എതിരാളി. കർണാടക പി.സി.സി ജനറൽ സെക്രട്ടറിയുമാണ് സൗമ്യ. 2018ൽ ജയനഗറിൽനിന്ന് കർണാടക നിയമസഭയിലെത്തിയ അവർ കഴിഞ്ഞ തവണ ബി.ജെ.പിയുടെ സി.കെ രാമമൂർത്തിയോട് വെറും 16 വോട്ടിനാണു പരാജയപ്പെട്ടത്.
Summary: EC books BJP’s Tejasvi Surya for ‘seeking votes on ground of religion’