ഉത്സവ സീസണ് ഓണ്‍ലൈന്‍ വില്‍പ്പന; ഇന്ത്യക്കാര്‍ വാങ്ങിയത് 32000 കോടി രൂപയുടെ സാധനങ്ങള്‍
|താങ്ങാവുന്ന വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍, ഫാഷന്‍ ഉല്പന്നങ്ങള് ലഭ്യമായതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം.
ഉത്സവ കാലം മുന്നില്‍ കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള് നടത്തിയ ഓഫര്‍ വില്പ്പനകളില് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32000 കോടി രൂപയുടെ സാധനങ്ങള്‍. വെറും ഒന്‍പത് ദിവസം കൊണ്ടാണ് ഇത്രയും വില്‍പ്പന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് വഴി നടന്നത്. 64 ശതമാനം വിപണി വിഹിതവുമായി ഫ്ലിപ്പ്കാര്ട്ടാണ് ഒന്നാം സ്ഥാനത്ത്. 28 ശതമാനവുമായി ആമസോണ്‍ രണ്ടാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ വില്‍പ്പന. സ്മാര്‍ട്ട് ഫോണ്‍, ഫാഷന്‍ വിഭാഗങ്ങളിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. താങ്ങാവുന്ന വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഫാഷന്‍ ഉല്പന്നങ്ങള് ലഭ്യമായതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം. മുന്‍നിര ബ്രാന്‍ഡുകളായ സാംസങ്, ആപ്പിള്‍, ഷഓമി, വണ്‍പ്ലസ്, റിയല്‍മി, അസൂസ്, എല്‍ജി, എച്ച്പി, വേള്‍പൂള്‍, ബജാജ് അപ്ലയന്‍സസ് തുടങ്ങിയവരാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. ആയിരത്തിലധികം ഉല്പന്നങ്ങളുടെ ലോഞ്ചുകളും ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും നടന്നു.
ഒക്ടോബര്‍ 2 മുതല്‍ 10 വരെയുള്ള വില്പന കാലയളവില്‍ ഓരോ മണിക്കൂറിലും 68 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ വിവിധ ഇ-കൊമേഴ്സ് കമ്പനികളിലൂടെ വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമായ മീഷോയ്ക്ക് 39 ശതമാനം വില്‍പ്പന വിഹിതം നേടാന്‍ കഴിഞ്ഞു. സാധാരണ ഇന്ത്യന്‍ കുടുംബത്തെ ലക്ഷ്യമിട്ടുള്ള കുറഞ്ഞ വിലയിലുള്ള വസ്ത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയതാണ് നേട്ടമായത്.
പ്രമുഖ കമ്പനികള്‍ മത്സരത്തിന്റെ ഭാഗമായി വിലകുറച്ച് ഉല്പന്നങ്ങള് ലഭ്യമാക്കിയതും വില്‍പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ബാങ്കുകളുമായി കൂട്ടുകെട്ടുകളുണ്ടാക്കിയതും വില്‍പ്പന കുതിച്ചുയരാന്‍ കാരണമായി. വീട്ടുപകരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും വില്‍പ്പനയില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല.