India
ഹാഥ്റസില്‍ പോപുലര്‍ ഫ്രണ്ട് കലാപത്തിന് ശ്രമിച്ചു, സിദ്ദിഖ് കാപ്പനടക്കം നാല് പേരെ നിയോഗിച്ചു: ഇ.ഡി കോടതിയില്‍
India

'ഹാഥ്റസില്‍ പോപുലര്‍ ഫ്രണ്ട് കലാപത്തിന് ശ്രമിച്ചു, സിദ്ദിഖ് കാപ്പനടക്കം നാല് പേരെ നിയോഗിച്ചു': ഇ.ഡി കോടതിയില്‍

Web Desk
|
25 Sep 2022 4:44 AM GMT

1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്ന് ഇ.ഡി

ഹാഥ്റസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. ഡൽഹി കലാപത്തിലും പോപുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലുണ്ട്.

വിദേശത്തു നിന്ന് പണമെത്തിയത് റൌഫ് ശെരീഫെന്ന പോപുലര്‍ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം പോപുലര്‍ ഫ്രണ്ട് ഉപയോഗിച്ചെന്നും ഇ.ഡി ലഖ്നൌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച സിദ്ദിഖ് കാപ്പന് ഇ.ഡിയുടെ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യഹരജി പരിഗണിക്കുന്നത് രണ്ടു തവണ മാറ്റിവെയ്ക്കപ്പെട്ടു. ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാവൂ. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടിലും ഇ.ഡി സിദ്ദിഖ് കാപ്പനെതിരെ പരാമര്‍ശം നടത്തിയത്.

ജൂലൈയിൽ 12ന് പറ്റ്നയിലെ ബി.ജെ.പി റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പി.എഫ്.ഐ നീക്കം നടത്തിയെന്ന് ഇ.ഡി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യു.പിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പ്രവർത്തകർക്ക് പോപുലർ ഫ്രണ്ട് പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. 2013ൽ മോദി പങ്കെടുത്ത പരിപാടിക്കിടെ ബോംബെറിഞ്ഞിരുന്നു. ഇതിലും പി.എഫ്.ഐയ്ക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാവ് ഷെഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ആരോപണമുള്ളത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി പ്രസിഡന്റ് പർവീസ് അഹമദ്, ജനറൽ സെക്രട്ടറി എം.ഡി ഇല്യാസ്, ഓഫീസ് സെക്രട്ടറി അബ്ദുൽ മുഖീത് എന്നിവരെ ഡൽഹി പ്രത്യേക കോടതി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ഷെഫീഖിനെ അടുത്ത മാസം മൂന്ന് വരെ ലഖ്‌നൗ കോടതി കസ്റ്റഡിയിൽ വിട്ടു. ലഖ്‌നൗ ജയിലിലാണ് ഷെഫീഖുള്ളത്.

Similar Posts