India
ED, CBI, Income Tax Only 3 Strong Parties In NDA: Uddhav Thackeray
India

ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് എന്നിവയാണ് എൻ.ഡി.എയിലെ ശക്തരായ മൂന്ന് പാർട്ടികൾ: ഉദ്ധവ് താക്കറെ

Web Desk
|
26 July 2023 9:37 AM GMT

നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെങ്കിൽ അഴിമതിക്കാരായ ബി.ജെ.പി നേതാക്കളെയും ശിക്ഷിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

മുംബൈ: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും ശക്തരായ മൂന്ന് പാർട്ടികൾ ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് എന്നിവയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാംനയുടെ എക്‌സ്‌ക്യൂട്ടീവ് എഡിറ്ററും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ കലാപത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. കലാപം രണ്ടര മാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ തയ്യാറായിട്ടില്ലെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രമാണ് ബി.ജെ.പി രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ബി.ജെ.പിക്ക് അവരുടെ സർക്കാർ എൻ.ഡി.എ സർക്കാരാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് മോദി സർക്കാരായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ആഴ്ച പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് 'ഇൻഡ്യ' സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ എൻ.ഡി.എയും മുന്നണി യോഗം വിളിച്ചിരുന്നു. ''എൻ.ഡി.എയിൽ 36 പാർട്ടികളുണ്ട്. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് എന്നിവയാണ് പ്രധാനപ്പെട്ട മൂന്നു പാർട്ടികൾ. മറ്റു പാർട്ടികൾ എവിടെപ്പോയി? ചില പാർട്ടികൾക്ക് ഒരൊറ്റ എം.പി പോലുമില്ല''-ഉദ്ധവ് പരിഹസിച്ചു.

ഏക സിവിൽകോഡ് കൊണ്ടുവരുന്നതിന് മുമ്പ് കശ്മീർ മുതൽ കന്യാകുമാരി വരെ ഗോവധനിരോധനം കൊണ്ടുവരികയാണ് ബി.ജെ.പി ചെയ്യേണ്ടത്. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെങ്കിൽ അഴിമതിക്കാരായ ബി.ജെ.പി നേതാക്കളെയും ശിക്ഷിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

Similar Posts