India
ED files complaint against anti corruption officers alleges illegal searches
India

'അഴിമതിവിരുദ്ധ ഉദ്യോ​ഗസ്ഥർ നടത്തിയത് അനധികൃത പരിശോധന'; കൈക്കൂലിക്കേസിലെ അറസ്റ്റിൽ പരാതിയുമായി ഇ.ഡി

Web Desk
|
3 Dec 2023 4:19 PM GMT

അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോ​ഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പരാതിയുമായി ഇ.ഡി. മധുരയിലെ ഇ.ഡി സോണൽ ഓഫീസിലേക്ക് ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് വിജിലൻസ് (ഡി.വി.എസി) ഉദ്യോഗസ്ഥർ അതിക്രമിച്ചുകടന്നെന്നും അനധികൃത പരിശോധന നടത്തിയെന്നുമാണ് കേന്ദ്ര ഏജൻസിയുടെ പരാതി.

തമിഴ്‌നാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശങ്കർ ജിവാളിനാണ് ഇ.ഡി പരാതി നൽകിയത്. ഡി.വി.എ.സി ഉദ്യോഗസ്ഥർ നിയമവിരുദ്ധ തിരച്ചിൽ നടത്തിയെന്നും അധികാരമില്ലാത്ത അജ്ഞാതരെ ഇ.ഡി ഓഫീസിൽ പ്രവേശിക്കാൻ അനുവദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. 'രഹസ്യാത്മകവും തന്ത്രപ്രധാനവുമായ ഇ.ഡി രേഖകൾ കാണാനും പകർപ്പുകൾ എടുത്തുകൊണ്ടുപോകാനും അവരെ അനുവദിച്ചു. തന്ത്രപ്രധാനമായ നിരവധി കേസുകളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനുള്ള രേഖകളായിരുന്നു അവ'- പരാതിയിൽ പറയുന്നു.

'ഒരാൾ ഒഴികെ മറ്റ് ഡി.വി.എ.സി ഉദ്യോഗസ്ഥരൊന്നും അവരുടെ ഐ.ഡി കാർഡ് കാണിച്ചില്ല. റെയ്ഡിനുള്ള വാറന്റൊന്നും ഉണ്ടായിരുന്നില്ല. അവർ യൂണിഫോമും ബാഡ്ജും ധരിച്ചിരുന്നില്ല'- ഇ.ഡി ആരോപിക്കുന്നു.

അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോ​ഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു. എന്തൊക്കെ രേഖകൾ മോഷ്ടിക്കപ്പെട്ടെന്നും പകർത്തിയെന്നും അവയുടെ ദുരുപയോഗം എന്തായിരിക്കാമെന്നും പരിശോധിച്ചുവരികയാണെന്നും ഇ.ഡി പരാതിയിൽ പറയുന്നു.

സംസ്ഥാനത്തെ പല ശക്തരായ നേതാക്കളെയും കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ സാക്ഷികളുടെ സംരക്ഷണം ആവശ്യമായ നിരവധി കേസുകളുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് തമിഴ്നാട്ടിലെ ദിണ്ടിഗലിൽ കൈക്കൂലിക്കേസിൽ ഇ.ഡി ഉദ്യോഗസ്ഥൻ പിടിയിലായത്.

അങ്കിത് തിവാരിയെന്ന ഉദ്യോ​ഗസ്ഥനാണ് അറസ്റ്റിലായത്. തമിഴ്നാടും വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിലായ ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ (ഡിവിഎസി) ഇഡിയുടെ മധുരയിലെ ഓഫീസിൽ പരിശോധന നടത്തി. അങ്കിത് തിവാരിയുടെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്കിത് നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും മധുര, ചെന്നൈ ഓഫീസുകളിലെ കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്തിയേക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.




Similar Posts