40 പേജുകളിലായി നിർണായക വിവരങ്ങൾ; അർപിത മുഖർജിയുടെ വീട്ടിൽനിന്ന് ഡയറി കണ്ടെടുത്തു
|അധ്യാപക നിയമന അഴിമതിക്കേസിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ 40 പേജുകളിലുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു.
കൊൽക്കത്ത: അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ വീട്ടിൽനിന്ന് നിർണായക വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തു.
അധ്യാപക നിയമന അഴിമതിക്കേസിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ 40 പേജുകളിലുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു. അർപിതയുടെ വീട്ടിൽനിന്ന് പിടികൂടിയ പണം കൈക്കൂലി പണമാണെന്ന് ചോദ്യം ചെയ്യലിൽ അർപിത സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
അർപിതയുടെ വീട്ടിൽ ഇ.ഡി നടത്തിയ മിന്നൽ റെയ്ഡിൽ 20 കോടിയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർഥ ചാറ്റർജിയെയും അർപിത മുഖർജിയെയും ഇ.ഡി അറസ്റ്റ് ചെയ്തത്. 20 മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് അർപിതയുടെ വീട്ടിൽനിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.